ഇത് രണ്ടാം തവണയാണ് ഐസിസി പൂര്‍ണ അംഗത്വമുള്ള ഒരു ടീമിനെതിരെ അസോസിയേറ്റ് അംഗമായ യുഎഇ ഒരു ടി20 പരമ്പര ജയിക്കുന്നത്. നേരത്തെ 2021ല്‍ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയും യുഇഎ സ്വന്തമാക്കിയിരുന്നു.

ഷാര്‍ജ: ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിലും ആധികാരിക ജയവുമായി ടി20 പരമ്പര സ്വന്തമാക്കി യുഎഇ. ഇന്നലെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു യുഎഇ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടത്തപ്പോള്‍ യുഇഎ 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന അലിഷന്‍ ഷറഫു(68) ആണ് യുഎഇയുടെ വിജയം അനായാസമാക്കിയത്. ബംഗ്ലാദേശിനെതിരെ യുഎഇയുടെ ആദ്യ ടി20 പരമ്പര വിജയമാണിത്.

ഓപ്പണര്‍ മുഹമ്മദ് സൊഹൈബ്(28), ആസിഫ് ഖാന്‍(41*) എന്നിവരും യുഎഇക്കായി തിളങ്ങി. ആദ്യ മത്സരം 27 റണ്‍സിന് തോറ്റ യുഎഇ രണ്ടാം മത്സരത്തില്‍ 200ന് മുകളിലുള്ള വിജയലക്ഷ്യം അടിച്ചെടുത്താണ് പരമ്പര സമനിലയാക്കിയത്. മൂന്നാം മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയവുമായി പരമ്പരയും സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് ഐസിസി പൂര്‍ണ അംഗത്വമുള്ള ഒരു ടീമിനെതിരെ അസോസിയേറ്റ് അംഗമായ യുഎഇ ഒരു ടി20 പരമ്പര ജയിക്കുന്നത്. നേരത്തെ 2021ല്‍ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയും യുഇഎ സ്വന്തമാക്കിയിരുന്നു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് തുടക്കം മുതല്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടിരുന്നു. ഓപ്പണര്‍ പര്‍വേസ് ഹൊസൈന്‍ ഇമോം(0), തൗഹിദ് ഹൃദോയ്(0), ക്യാപ്റ്റൻ ലിറ്റണ്‍ ദാസ്(14), മെഹ്ദി ഹസന്‍(2) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഒരുഘട്ടത്തില്‍ 84-8ലേക്ക് കൂപ്പുകുത്തിയ ബംഗ്ലാദേശിനെ ഓപ്പണര്‍ തന്‍സിദ് ഹസന്‍(18 പന്തില്‍ 40), ജേക്കര്‍ അലി(41), ഹസന്‍ മെഹ്മൂദ്(15 പന്തില്‍ 26), ഷൊറീഫുള്‍ ഇസ്ലാം(7 പന്തില്‍ 16) എന്നിവരുടെ പോരാട്ടമാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. യുഎഇക്കായി ഹൈദര്‍ അലി നാലോവറില്‍ ഏഴ് റൺസിന് മൂ്ന് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക