മുംബൈ ഇന്ത്യന്‍സ് ഉടമകളായ റിലയന്‍സ് ഇന്‍ഡസ്ട്രീസും യുഎഇ ലീഗില്‍ ടീമിനെ സ്വന്തമാക്കിയിട്ടുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമകളും ഒരു ടീമിനെ സ്വന്തമാക്കാനുള്ള നീക്കത്തിലാണ്.

ദുബായ്: ആദ്യമായി ക്രിക്കറ്റ് ടീമിനെ സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡ്(Manchester United) ഉടമകള്‍. ഉടന്‍ തുടങ്ങുന്ന യുഎഇ ട്വന്‍റി 20 ലീഗിലെ ഒരു ഫ്രാഞ്ചൈസിയെ ആണ് യുണൈറ്റഡിന്‍റെ അമേരിക്കന്‍ ഉടമകളായ ലാന്‍സര്‍ ക്യാപ്പിറ്റല്‍(Lancer Capital) സ്വന്തമാക്കിയത്. ഈ വര്‍ഷം ഐപിഎൽ(IPL) ടീമിനായും ഇവര്‍ രംഗത്തെത്തിയെങ്കിലും ലേലത്തിൽ പിന്തള്ളപ്പെട്ടിരുന്നു.

മുംബൈ ഇന്ത്യന്‍സ് ഉടമകളായ റിലയന്‍സ് ഇന്‍ഡസ്ട്രീസും യുഎഇ ലീഗില്‍ ടീമിനെ സ്വന്തമാക്കിയിട്ടുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമകളും ഒരു ടീമിനെ സ്വന്തമാക്കാനുള്ള നീക്കത്തിലാണ്. ആറ് ടീമുകള്‍ ഉള്ള ലീഗ് ഫെബ്രുവരി മാര്‍ച്ച്
മാസങ്ങളില്‍ നടന്നേക്കും. എല്ലാ വര്‍ഷവും ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ലീഗ് സംഘടിപ്പിക്കാനാണ് എമിറേറ്റസ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നീക്കം.

Scroll to load tweet…

ലോകത്തെ വിവിധ ഫുട്ബോള്‍ ടീമുകളില്‍ നിക്ഷേപമുള്ള ലാന്‍സര്‍ ക്യാപ്റ്റലിന്‍റെ ചെയര്‍മാനായ ആവ്റാം ഗ്ലേസേഴ്സ് ആണ് 2005 മുതല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റ‍ിന്‍റെ ചെയര്‍മാന്‍. യുഎഇ ടി20 ലീഗിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ലോകോത്തര നിലവാരമുള്ള ടൂര്‍ണമെന്‍റാകും യുഎഇ ടി20യെന്നും ഗ്ലേസേഴ്സ് പറഞ്ഞു.

ഗ്ലേസേഴ്സിനെപ്പോലെ കായികരംഗത്ത് വന്‍നിക്ഷേപമുള്ള ഒരു വ്യക്തിയെ യുഎഇ ടി20 ലീഗിന്‍റെ ഭാഗമാക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മുബാഷിര്‍ ഉസ്മാനി പറഞ്ഞു. ആറ് ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ ആകെ 34 മത്സരങ്ങളാകും ഉണ്ടാകുക.