വലിയ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ് ആഖ്വിബ് ജാവേദിന്‍റെ വിരാട് കോലി- ബാബർ അസം താരതമ്യം

ലാഹോർ: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർ വിരാട് കോലിയാണ് എന്നാണ് പൊതു വിലയിരുത്തല്‍. മൂന്ന് ഫോർമാറ്റിലും വിരാട് കാഴ്ചവെക്കുന്ന സ്ഥിരത തന്നെ ഇതിന് കാരണം. സമകാലിക ബാറ്റർമാരില്‍ വിരാടുമായി താരതമ്യം ചെയ്യപ്പെടുന്ന നിരവധി താരങ്ങളില്‍ ഒരാള്‍ പാകിസ്ഥാന്‍ നായകന്‍ ബാബർ അസമാണ്. രാജ്യാന്തര ക്രിക്കറ്റില്‍ ഇതിനകം 25000 റണ്‍സും 76 സെഞ്ചുറികളും നേടിയ കോലിയോളം എത്താന്‍ ബാബറിന് ഏറെ ദൂരം സഞ്ചരിക്കാനുണ്ടെങ്കില്‍ ബാബറാണ് ഇവരില്‍ മികച്ച താരം എന്ന പ്രസ്താവന നടത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ പേസർ ആഖ്വിബ് ജാവേദ്. 

വലിയ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ് ആഖ്വിബ് ജാവേദിന്‍റെ വിരാട് കോലി- ബാബർ അസം താരതമ്യം. കോലിയേക്കാള്‍ ഒരുപടി മുകളിലാണ് ബാബർ എന്ന ആഖ്വിബിന്‍റെ വിലയിരുത്തലാണ് വിവാദത്തിന് കാരണം. 'കോലിയുടെ സീസണുകള്‍ അവിസ്മരണീയമായിരുന്നു. എന്നാല്‍ കോലി ഒരു സീസണില്‍ അത്ഭുതപ്പെടുത്തുമെങ്കില്‍ അടുത്തതില്‍ നിരാശപ്പെടുത്തുന്നു. ബാബറിനോളം സ്ഥിരത കോലിക്കില്ല' എന്നുമാണ് ആഖ്വിബ് ജാവേദിന്‍റെ വാക്കുകള്‍. 

ബാറ്റിംഗ് പ്രശംസയ്ക്ക് പുറമെ ബാബർ അസമിന്‍റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തുകയും ചെയ്തു ആഖ്വിബ് ജാവേദ്. 'ഒരു മികച്ച ക്യാപ്റ്റന് രണ്ടുമൂന്ന് നല്ല ഗുണങ്ങളുണ്ടാകും. ഒന്ന് മികച്ച പ്രകടനം വഴി ടീമിന് വഴികാട്ടിയാവുക എന്നതാണ്. സഹതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ കഴിയുന്നതാണ് മറ്റൊന്ന്. താരങ്ങളെ വലിയ സമ്മർദത്തിലാക്കുന്ന നായകന്‍മാരെ കണ്ടിട്ടുണ്ട്. ഇത് ടീമിനുള്ളില്‍ സ്വാര്‍ത്ഥതയുണ്ടാക്കും. അത് നല്ലതല്ല. ടീമിനായി തീരുമാനങ്ങളെടുക്കുമ്പോള്‍ നീതിപൂർവമായിരിക്കണം എന്നതാണ് മൂന്നാമത്തെ കാര്യം. ബാബറിന് ഐസിസി ലോകകപ്പ് 2023ല്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകും' എന്നും ആഖ്വിബ് ജാവേദ് ഒരു യൂട്യൂബ് വീഡിയോയില്‍ വ്യക്തമാക്കി. 

Read more: 'രോഹിത് ശർമ്മ കോലിയേക്കാള്‍ പ്രതിഭ, പക്ഷേ ക്യാപ്റ്റനായപ്പോള്‍ പേടി പിടികൂടി'; വിമർശിച്ച് അക്തർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം