പാകിസ്ഥാനെതിരായ ബാസ് ഡി ലീഡിന്‍റെ ബൗളിംഗ് പ്രകടനം ചര്‍ച്ചയാകുമ്പോള്‍ ഇന്ത്യന്‍ ഓര്‍മകളില്‍ വെള്ളിടിയായി മറ്റൊരു ഡി ലീഡുണ്ട്. ബാസ് ഡി ലീഡിന്‍റെ പിതാവായ സാക്ഷാല്‍ ടിം ഡി ലീഡ്.
ഹൈദരാബാദ്: ഏകദിന ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെതിരെ നെതര്‍ലന്‍ഡ്സിനായി ബൗളിംഗില്‍ തിളങ്ങിയത് ഓള്‍ റൗണ്ടറും മീഡിയം പേസറുമായ ബാസ് ഡി ലീഡായിരുന്നു. 62 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി ലീഡ്സിന്‍റെ പ്രകടനമാണ് പാക് സ്കോര്‍ 300 കടക്കുന്നത് തടഞ്ഞത്. മുഹമ്മദ് റിസ്‌വാന്‍, ഇഫ്തീഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഹസന്‍ എന്നിവരെ പുറത്താക്കിയാണ് ലീഡ് പാകിസ്ഥാന്‍റെ നടുവൊടിച്ചത്. ഇതില്‍ ഷദാബിനെയും ഹസന്‍ അലിയെയും തുടര്‍ച്ചയായ പന്തുകളിലാണ് ലീഡ് പുറത്താക്കിയത്.
പാകിസ്ഥാനെതിരായ ബാസ് ഡി ലീഡിന്‍റെ ബൗളിംഗ് പ്രകടനം ചര്‍ച്ചയാകുമ്പോള്‍ ഇന്ത്യന്‍ ഓര്‍മകളില്‍ വെള്ളിടിയായി മറ്റൊരു ഡി ലീഡുണ്ട്. ബാസ് ഡി ലീഡിന്‍റെ പിതാവായ സാക്ഷാല്‍ ടിം ഡി ലീഡ്. 2003ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തിലായിരുന്നു ടിം ഡി ലീഡിന്‍റെ മാസ്മരിക ബൗളിംഗ് പ്രകടനം. ഇന്ത്യക്കെതിരെ 35 റണ്‍സ് മാത്രം വഴങ്ങിയാണ് ടിം ഡി ലീഡ് അന്ന് നാലു വിക്കറ്റെടുത്തത്. പാകിസ്ഥാനെതി 10 ഓവറില്‍ 53 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തും ടി ഡി ലീഡ് അന്ന് തിളങ്ങി. സയ്യിദ് അന്‍വറിനെയും ഇന്‍സ്മാമം ഉള്‍ ഹഖിനെയുമാണ് അന്ന് ടിം ഡി ലീഡ് പുറത്താക്കിയത്.
ടി ഡി ലീഡ് പുറത്താക്കിയവരില്‍ സച്ചിന്‍ ടെല്‍ഡുക്കറും രാഹുല്‍ ദ്രാവിഡുമെല്ലാം ഉണ്ട്. ദക്ഷിണാഫ്രിക്കയിലെ പാളില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ നെതര്‍ലന്‍ഡ്സ് 48.5 ഓവറില്‍ 204 റണ്‍സിന് ഓള്‍ ഔട്ടാക്കി അട്ടിമറി ഭീഷണി ഉയര്‍ത്തിയെങ്കിലും ജവഗല്‍ ശ്രീനാഥിന്‍റെയും അനില്‍ കുംബ്ലെയുടെയും നാലു വിക്കറ്റ് പ്രകടനങ്ങളുടെ കരുത്തില്‍ നെതര്‍ലന്‍ഡ്സിനെ 136 റണ്‍സില്‍ എറിഞ്ഞൊതുക്കി ഇന്ത്യ 68 റണ്‍സ് ജയം സ്വന്തമാക്കി.
സച്ചിനും ദ്രാവിഡിനും പുറമെ, ഹര്‍ഭജന്‍ സിംഗ്, സഹീര്‍ ഖാന്‍ എന്നിവരുടെ വിക്കറ്റുകള്‍ കൂടി നേടിയാണ് ടിം ഡി ലീഡ് നാലു വിക്കറ്റ് തികച്ചത്. ഒരു റണ്ണൗട്ടിലും ടിം ഡി ലീഡ് പങ്കാളിയായി. ബാറ്റിംഗിനിറങ്ങിയപ്പോള്‍ പക്ഷെ ഹര്‍ഭജന്‍റെ പന്തില്‍ പൂജ്യനായി പുറത്തായി.
