പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് മാത്രമെടുത്ത പാകിസ്ഥാന്‍ ആദ്യ ഒമ്പതോവറില്‍ 46 റണ്‍സ് മാത്രമാണ് നേടിയത്.

ഡാളസ്: ടി20 ലോകകപ്പില്‍ നവാഗതരായ അമേരിക്കക്കെതിരെ തകര്‍ത്തടിക്കാനാവാതെ പാകിസ്ഥാന്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. 43 പന്തില്‍ 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. ഷദാബ് ഖാന്‍(25 പന്തില്‍ 40) അവസാന ഓവറുകളില്‍ ഷഹീൻ ഷാ അഫ്രീദി(16 പന്തില്‍ 23) എന്നിവരുടെ ബാറ്റിംഗാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. അമേരിക്കക്കായി നോസ്തുഷ് കെഞ്ജിഗെ 30 രണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

തുടക്കത്തില്‍ ഞെട്ടി പാകിസ്ഥാന്‍, ബാബറിന്‍റെ ടെസ്റ്റ് കളി

View post on Instagram

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ പാകിസ്ഥാന്‍ തുടക്കത്തിലെ തകര്‍ന്നു. രണ്ടാം ഓവറില്‍ ഓപ്പണര്‍ മുഹമ്മഹ് റിസ്‌വാനെ(8 പന്തില്‍ 9)മടക്കിയ നേത്രാവല്‍ക്കറാണ് പാകിസ്ഥാന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ക്യാപ്റ്റന്‍ ബാബര്‍ അസം ഒരറ്റത്ത് ഉറച്ചു നിന്നെങ്കിലും പവര്‍ പ്ലേയില്‍ പേസും സ്വിംഗും കൊണ്ട് അമേരിക്കന്‍ പേസര്‍മാര്‍ പാകിസ്ഥാനെ വട്ടം കറക്കി. ഉസ്മാന്‍ ഖാന്‍(3), ഫഖര്‍ സമന്‍(7 പന്തില്‍ 11) എന്നിവരെ കൂടി പവര്‍ പ്ലേയില്‍ നഷ്ടമായതോടെ പാകിസ്ഥാന്‍ 26-3ലേക്ക് കൂപ്പുകുത്തി. പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സ് മാത്രമെടുത്ത പാകിസ്ഥാന്‍ ആദ്യ ഒമ്പതോവറില്‍ 46 റണ്‍സ് മാത്രമാണ് നേടിയത്.

എന്താണ് സംഭവിച്ചതെന്ന് പോലും മനസിലായില്ല, എല്ലാം ഒരു ദു:സ്വപ്നം പോലെ; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് രോഹിത്

എന്നാല്‍ പത്താം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും അടിച്ച ഷദാബും ബാബറും പാകിസ്ഥാന്‍ ഇന്നിംഗ്സിന് ഗതിവേഗം നല്‍കി. ഷദാബ് തകര്‍ത്തടിച്ചപ്പോഴും ബാബര്‍ താളം കണ്ടെത്താന്‍ പാടുപെട്ടത് പാകിസ്ഥാന് തിരിച്ചടിയായി. പന്ത്രണ്ടാം ഓവറില്‍ ഹര്‍മീത് സിംഗിനെതിരെ ഫോറും സിക്സും നേടി ബാബര്‍ ഗിയര്‍ മാറ്റിയെങ്കിലും പിന്നാലെ ഷദാബ് ഖാനും അസം ഖാനും(0) തുടര്‍ച്ചയായ പന്തുകളില്‍ പുറത്തായതോടെ വീണ്ടും പ്രതിരോധത്തിലേക്ക് വലിഞ്ഞു.

View post on Instagram

15 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെ പാക് സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളു. പതിനാറം ഓവറില്‍ ജെസി സിംഗിനെ സിക്സിന് പറത്തിയതിന് പിന്നാലെ ബാബര്‍(43 പന്തില്‍ 44) വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. മൂന്ന് ഫോറും രണ്ട് സിക്സും പറത്തിയാണ് ബാബര്‍ 44 റണ്‍സടിച്ചത്. തുടക്കത്തില്‍ തകര്‍ത്തടിച്ച ഇഫ്തീഖര്‍ അഹമ്മദ്(14 പന്തില്‍ 18) പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറുകളില്‍ വീണു. അവസാന ഓവറുകളില്‍ രണ്ട് സിക്സ് അടക്കം 16 പന്തില്‍ 23 റണ്‍സടിച്ച ഷഹീന്‍ അഫ്രീദിയാണ് പാകിസ്ഥാനെ മാന്യമായ സ്കോറിലെത്തിച്ചത്. ഹാരിസ് റൗഫ് മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക