മുംബൈ: രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയുടെ ഓപ്പണറായി എത്തിയതോടെ ടെസ്റ്റിലെ ഓപ്പണര്‍ സ്ഥാനത്തേക്കുള്ള മത്സരം കടുത്തതായി. പൃഥ്വി ഷായും മായങ്ക് അഗര്‍വാളും കെ എല്‍ രാഹുലും ശിഖര്‍ ധവാനും മുരളി വിജയും ടെസ്റ്റില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാന്‍ തയാറായി നില്‍ക്കുന്നവരാണ്. എന്നാല്‍ ഇവരില്‍ ശിഖര്‍ ധവാന് ഇനി ടെസ്റ്റ് ടീമില്‍ ഓപ്പണറായി അവസരം ലഭിക്കില്ലെന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര. ഇന്ത്യക്കായി ഇതുവരെ 34 ടെസ്റ്റുകള്‍ കളിച്ച ധവാന്‍ 40.61 ശരാശരിയില്‍ ഏഴ് സെഞ്ചുറി ഉള്‍പ്പെടെ 2315 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ ടെസ്റ്റ് ടീമില്‍ ധവാന് ഇനി അവസരമുണ്ടാകില്ലെന്നാണ് ചോപ്രയുടെ വിലയിരുത്തില്‍.

ഒരിക്കലും അവസരം ലഭിക്കില്ലെന്ന് പറയാനാവില്ലെങ്കിലും അതിനുള്ള സാധ്യത വിദൂരമാണെന്ന് ചോപ്ര പറഞ്ഞു. എന്തായാലും ഉടനൊന്നും ധവാന് ടെസ്റ്റ് ടീമില്‍ ഇടം ലഭിക്കാനിടയില്ല. കാരണം ടെസ്റ്റില്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് നിരവധി താരങ്ങളുണ്ടെന്നും തന്റെ യുട്യൂബ് ചാനലില്‍ ചോപ്ര പറഞ്ഞു. നിലവില്‍ രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെ എല്‍ രാഹുല്‍ എന്നിങ്ങനെ നാലു പേര്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്.അതുകൊണ്ടുതന്നെ അഞ്ചാമത്തെ മാത്രം ആളായെ ധവാനെ പരിഗണിക്കാനിടയുള്ളു. അതുകൊണ്ടുതന്നെ അതത്ര സുഖകരമായ സ്ഥാനമല്ല. അതുകൊണ്ടുതന്നെ ധവാനെ ഉടനൊന്നും ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാനിടയില്ല. ഇക്കാര്യം സെലക്ടര്‍മാര്‍ ധവാനോട് സംസാരിച്ചിട്ടുണ്ടോ ഇടയില്ല. പക്ഷെ സംസാരിക്കുന്നതാണ് ഉചിതം. കാരണം പരിമിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ഓപ്പണറാണ് ധവാന്‍. അതുകൊണ്ടുതന്നെ അദ്ദേഹം ടെസ്റ്റ് മതിയാക്കി ഏകദിനത്തിലും ടി20യിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതാകും ഉചിതം-ആകാശ് ചോപ്ര പറഞ്ഞു.

ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ രോഹിത് ശര്‍മയും മായങ്ക് അഗര്‍വാളും സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇവരില്‍ ആരുടെയെങ്കിലും ഒരാളുടെ അഭാവത്തില്‍ പൃഥ്വി ഷായെ ആവും ഓപ്പണറായി പരിഗണിക്കുക. ന്യൂസിലന്‍ഡ് പര്യടനത്തില്‍ നമ്മളത് കണ്ടതാണ്. ഇതിന് പുറമെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള കെ എല്‍ രാഹുലിനെയും ഓപ്പണറായി പരിഗണിക്കാവുന്നതാണെന്നും ചോപ്ര പറഞ്ഞു. 2018ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ് 34കാരനായ ധവാന്‍ ഇന്ത്യക്കായി അവസാനമായി ടെസ്റ്റില്‍ ഓപ്പണറായി എത്തിയത്.