2001ല്‍ മാത്യു ഹെയ്ഡനുശേഷം ഇന്ത്യയില്‍ 150 റണ്‍സ് തികക്കുന്ന ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണറാണ് ഖവാജ. 2001ലെ ചെന്നൈ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ മാത്യു ഹെയ്ഡന്‍ 203 റണ്‍സടിച്ചിരുന്നു.
അഹമ്മദാബാദ്: ഇന്ത്യക്കെതിരായ അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയുമായി ഓസ്ട്രേലിയന്‍ ചെറുത്തു നില്‍പ്പിന് നേതൃത്വം നല്‍കുന്ന ഓപ്പണര്‍ ഉസ്മാന്‍ ഖവാജക്ക് അപൂര്‍വ റെക്കോര്‍ഡ്. രണ്ടാം ദിനം ആദ്യ സെഷനില്‍ 150 റണ്‍സിലെത്തിയതോടെ 21-ാം നൂറ്റാണ്ടില്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 150 റണ്‍സ് അടിക്കുന്ന രണ്ടാമത്തെ മാത്രം ഓസ്ട്രേലിയന്‍ ബാറ്ററായി ഖവാജ. ക്ഷമയുടെ പര്യായമായി ക്രീസില്‍ നിന്ന ഖവാജ 346 പന്തിലാണ് 150 റണ്‍സ് തികച്ചത്.
2001ല്‍ മാത്യു ഹെയ്ഡനുശേഷം ഇന്ത്യയില്‍ 150 റണ്‍സ് തികക്കുന്ന ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണറാണ് ഖവാജ. 2001ലെ ചെന്നൈ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ മാത്യു ഹെയ്ഡന്‍ 203 റണ്‍സടിച്ചിരുന്നു. മാത്യു ഹെയ്ഡനുശേഷം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന ഓസ്ട്രേലിയന്‍ ഓപ്പണറെന്ന റെക്കോര്‍ഡും ഇന്നത്തെ പ്രകടനത്തോടെ ഖവാജ സ്വന്തം പേരിലാക്കി. ഇന്ത്യയില്‍ ടെസ്റ്റില്‍ 150 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യുന്ന നാലാമത്തെ മാത്രം ഓസ്ട്രേലിയന്‍ ഓപ്പണര്‍ കൂടിയാണ് ഖവാജ.
വിക്കറ്റ് വീഴ്ത്താനാവാതെ വിയര്‍ത്ത് ഇന്ത്യ; അഹമ്മദാബാദ് ടെസ്റ്റില്‍ ഓസീസ് കൂറ്റന്‍ സ്കോറിലേക്ക്
1956ല്‍ ബ്രാബോണില്‍ ജിം ബ്രൂക്ക് 161 റണ്‍സും, 1979ലെ കൊല്‍ക്കത്ത ടെസ്റ്റില്‍ ഗ്രഹാം യാലോപ് 167 റണ്‍സും നേടിയതാണ് ഓസീസ് ഓപ്പണര്‍മാരുടെ ഇന്ത്യയിലെ മറ്റ് മികച്ച പ്രകടനങ്ങള്‍. 2019നുശേഷം ഇന്ത്യയില്‍ നടന്ന ടെസ്റ്റുകളില്‍ 150 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യുന്ന ആദ്യ വിദേശ ഓപ്പണര്‍ എന്ന റെക്കോര്‍ഡും ഇന്ന് ഖവാജ സ്വന്തം പേരിലാക്കി. 2001ല്‍ ചെന്നൈയില്‍ ഹെയ്ഡന്‍ 201 റണ്‍സടിച്ചശേഷം സന്ദര്‍ശക ടീമിലെ അഞ്ച് ഓപ്പണര്‍മാര്‍ മാത്രമാണ് ഇന്ത്യയില്‍ 150ന് മുകളില്‍ സ്കോര്‍ ചെയ്തിട്ടുള്ളു.
2004ല്‍ കാണ്‍പൂരില്‍ ദക്ഷിണാഫ്രിക്കയുടെ ആന്‍ഡ്ര്യു ഹാള്‍(163), 2008ല്‍ ദക്ഷിണാഫ്രിക്കയുടെ നീല്‍ മക്കന്‍സി(155*), 2010ല്‍ ഹാദരാബാദില്‍ ന്യൂസിലന്‍ഡിന്‍റെ ബ്രെണ്ടന്‍ മക്കല്ലം(225), 2012ല്‍ അഹമ്മദാബാദില്‍ ഇംഗ്ലണ്ടിനായി അലിസ്റ്റര്‍ കുക്ക്(190), 2019ല്‍ വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയുടെ ഡീല്‍ എല്‍ഗാര്‍(160) എന്നിവരാണ് ഖവാജക്ക് പുറമെ ഇന്ത്യയില്‍ 150ന് മുകളില്‍ സ്കോര്‍ ചെയ്തിട്ടുള്ള സന്ദര്‍ശക ടീം ഓപ്പണര്‍മാര്‍.
