അഞ്ച് മത്സരങ്ങളില്‍ നിന്ന് 355 റണ്‍സാണ് താരം നേടിയത്. ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നതാണ് വൈഭവിന്റെ ഇന്നിംഗ്‌സ്.

ലണ്ടന്‍: ഇംഗ്ലണ്ട് അണ്ടര്‍ 19 - ഇന്ത്യ അണ്ടര്‍ 19 ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമായി വൈഭവ് സൂര്യവന്‍ഷി. അഞ്ച് മത്സങ്ങളില്‍ നിന്ന് 355 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. ഓരോ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നതാണ് വൈഭവിന്റെ പ്രകടനം. നാലാം ഏകദിനത്തില്‍ നേടിയ 143 റണ്‍സാണ് വൈഭവിന്റെ ഉയര്‍ന്ന സ്‌കോര്‍. 78 പന്തില്‍ നിന്നായിരുന്നു 14കാരന്റെ വിസ്മയ ഇന്നിംഗ്‌സ്. പത്ത് സിക്‌സും 13 ഫോറും ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. ഒരു മത്സരത്തില്‍ 86 റണ്‍സെടുക്കാനും വൈഭവിന് സാധിച്ചിരുന്നു.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ തോമസ് റ്യൂ ആണ് രണ്ടാം സ്ഥാനത്ത്. അഞ്ച് മത്സരങ്ങളില്‍ 280 റണ്‍സാണ് റ്യൂ നേടിയത്. ഒരു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. 131 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യയുടെ വിഹാല്‍ മല്‍ഹോത്ര മൂന്നാം സ്ഥാനത്തുണ്ട്. അഞ്ച് മത്സരങ്ങൡ നിന്ന് 243 റണ്‍സാണ് വിഹാന്‍ നേടിയത്. ഒരു സെഞ്ചുറി നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 129 റണ്‍സാണ്. റോക്കി ഫ്‌ളിന്റോഫ് നാലാമത്. മുന്‍ ഇംഗ്ലണ്ട് താരം ആന്‍ഡ്രൂ ഫ്‌ളിന്റോഫിന്റെ മകനായ റോക്കി അഞ്ച് മത്സരങ്ങളില്‍ നിന്ന് 222 റണ്‍സാണ് നേടിയത്. 107 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

അഞ്ച് മത്സരങ്ങളില്‍ നിന്ന് 220 റണ്‍സ് നേടിയ ബെന്‍ ഡോക്കിന്‍സ് അഞ്ചാം സ്ഥാനത്തുണ്ട്. ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളില്‍ ഇംഗ്ലണ്ടിന്റെ എഎം ഫ്രഞ്ച്, കനിഷ്‌ക് ചൗഹാന്‍, ജാക്ക് ഹോം, ആര്‍എസ് അംബ്രിഷ് എന്നിവര്‍ ഒരുമിച്ചാണ്. നാല് പേരും എട്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്നലെ നടന്ന അവസാന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യന്‍ യുവ നിര നേരിട്ടത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് നേടിയത്. 66 റണ്‍സുമായി പുറത്താവാതെ നിന്ന ആര്‍എസ് അംബ്രിഷാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 31.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 76 പന്തില്‍ 82 റണ്‍സെടുത്ത ബെന്‍ മയേസും ബെന്‍ ഡോക്കിന്‍സുമാണ് (66) ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ തോമസ് റ്യൂ (49) പുറത്താവാതെ നിന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

YouTube video player