അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വൈഭവ് സൂര്യവംശി ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടം നേടുമെന്ന് കോച്ച്.

ജയ്പൂര്‍: ഫിറ്റ്‌നസും ഫീല്‍ഡിംഗും മെച്ചപ്പെടുത്തിയാല്‍ വൈഭവ് സൂര്യവന്‍ശി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ എത്തുമെന്ന് താരത്തിന്റെ കോച്ച് അശോക് കുമാര്‍. പതിനാലാം വയസ്സില്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച വൈഭവ് ഏഴ് ഇന്നിംഗ്‌സില്‍ നിന്ന് സെഞ്ച്വറിയടക്കം 252 റണ്‍സെടുത്തിരുന്നു. രാജസ്ഥാന്‍ റോയല്‍സ് പരിശീലകരായ രാഹുല്‍ ദ്രാവിഡിന്റേയും വിക്രം റാത്തോഡിന്റേയും ശിക്ഷണം വൈഭവിന്റെ ബാറ്റിംഗ് കരുത്ത് മെച്ചപ്പെടുത്തിയെന്നും ലക്ഷ്യ ബോധത്തോടെയാണ് വൈഭവ് മുന്നോട്ട് പോകുന്നതെന്നും ബിഹാര്‍ കോച്ചായ അശോക് കുമാര്‍ പറഞ്ഞു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 35 പന്തിലാണ് വൈഭവ് സൂര്യവംശി സെഞ്ച്വറി നേടിയത്. 

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ വൈഭവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളി താരം മുഹമ്മദ് ഇനാനും ടീമില്‍ ഇടം നേടി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി തിളങ്ങിയ മുംബൈ യുവതാരം ആയുഷ് മാത്രെയാണ് ടീമിന്റെ നായകന്‍. മുംബൈ വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുണ്ടു ആണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. അടുത്ത മാസം 24ന് ആരംഭിക്കുന്ന പരമ്പരയില്‍ ഒരു സന്നാഹ മത്സരവും അഞ്ച് ഏകദിന മത്സരങ്ങളും രണ്ട് ദ്വിദിന മത്സരങ്ങളുമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ അണ്ടര്‍ 19നെതിരെ നടത്തിയ മികച്ച പ്രകടനമാണ് ഇനാനെ ടീമിലെത്തിച്ചത്. 

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയക്കെതിരായ അണ്ടര്‍ 19 ടെസ്റ്റില്‍ ഇനാന്‍ 16 വിക്കറ്റുമായി തിളങ്ങിയിരുന്നു. പഞ്ചാബ് സ്പിന്നര്‍ അന്‍മോല്‍ജീത് സിംഗും ടീമിലെത്തി. ജൂണ്‍ 24ന് ആദ്യം ഏകദിന സന്നാഹ മത്സരം നടക്കും. 27നാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. 30, ജൂലൈ രണ്ട്, ജൂലൈ അഞ്ച്, ജൂലൈ ഏഴ് ദിവസങ്ങളിലാണ് ഏകദിന പരമ്പരയില മത്സരങ്ങള്‍. ജൂലൈ 12നും ജൂലൈ 20നുമാണ് ദ്വിദിന മത്സരങ്ങള്‍.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള അണ്ടര്‍ 19 ടീം: ആയുഷ് മാത്രേ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവന്‍ശി, വിഹാന്‍ മല്‍ഹോത്ര, മൗല്യരാജ്സിംഗ് ചാവ്ദ, രാഹുല്‍ കുമാര്‍, അഭിഗ്യാന്‍ കുണ്ടു (വൈസ് ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ഹര്‍വന്‍ഷ് സിംഗ് (വിക്കറ്റ് കീപ്പര്‍), ആര്‍ എസ് അംബ്രീഷ്, കനിഷ്‌ക് ചൗഹാന്‍, ഖിലാന്‍ പട്ടേല്‍, ഹെനില്‍ ഗുഹവ്, യുധാജിത്ത്, ആദിത്യ റാണ, അന്‍മോല്‍ജീത് സിംഗ്.

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: നമന്‍ പുഷ്പക്, ഡി ദീപേഷ്, വേദാന്ത് ത്രിവേദി, വികല്‍പ് തിവാരി, അലങ്ക്രിത് റാപോള്‍.