രാജസ്ഥാന്‍ റോയല്‍സിനായി ഓപ്പണറായി ഇറങ്ങി വൈഭവ് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 35 പന്തില്‍ സെഞ്ചുറി അടിച്ച് ഐപിഎല്‍ ചരിത്രത്തില്‍ ഇന്ത്യൻ താരത്തിന്‍റെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.

പറ്റ്ന: രഞ്ജി ട്രോഫിക്കുള്ള ബിഹാര്‍ ക്രിക്കറ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനായി പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷി. സാക്കിബുള്‍ ഗനിയാണ് രഞ്ജി ട്രോഫിയില്‍ ബിഹാറിനെ നയിക്കുക. രഞ്ജി ട്രോഫിയില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മുംബൈക്കെതിരെ ആണ് വൈഭവ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇതുവരെ ബിഹാറിനായി അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ മാത്രം കളിച്ച വൈഭവ് 100 റണ്‍സാണ് നേടിയത്. 41 റണ്‍സാണ് മികച്ച സ്കോര്‍. രഞ്ജി ട്രോഫിയില്‍ ഈ മാസം 15ന് അരുണാചല്‍പ്രദശിനെതിരെ ആണ് ബിഹാറിന്‍റെ ആദ്യ മത്സരം.

ഈ വര്‍ഷം ഐപിഎല്ലിലും വൈഭവ് അരങ്ങേറിയിരുന്നു. നായകന്‍ സഞ്ജു സാംസണ് പരിക്കേറ്റതോടെ രാജസ്ഥാന്‍ റോയല്‍സിനായി ഓപ്പണറായി ഇറങ്ങി വൈഭവ് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 35 പന്തില്‍ സെഞ്ചുറി അടിച്ച് ഐപിഎല്‍ ചരിത്രത്തില്‍ ഇന്ത്യൻ താരത്തിന്‍റെ വേഗമേറിയ സെഞ്ചുറിയുടെ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഏഴ് മത്സരങ്ങളില്‍ കളിച്ച വൈഭവ് 206.55 പ്രഹരശേഷിയില്‍ 252 റണ്‍സാണ് നേടിയത്. ഐപിഎല്ലിന് ശേഷ ഇന്ത്യ അണ്ടര്‍ 19 ടീമിനായി ഇംഗ്ലണ്ടിനെതിരെയും ഓസ്ട്രേലിയക്കെതിരെയും യൂത്ത് ടെസ്റ്റിലും വൈഭവ് കളിച്ചിരുന്നു.

Scroll to load tweet…

രഞ്ജി ട്രോഫിയില്‍ പ്ലേറ്റ് ഗ്രൂപ്പില്‍ മത്സരിക്കുന്ന ബിഹാര്‍15ന് അരുണാചലിനെയും രണ്ടാം മത്സരത്തില്‍ 25 മുതല്‍ മണിപ്പൂരിനെയുമാണ് നേരിടുക. നവംബര്‍ ഒന്നു മുതല്‍ തുടങ്ങുന്ന മത്സരത്തില്‍ മേഘാലായയും 8 മുതല്‍ തുടങ്ങുന്ന മത്സരത്തില്‍ സിക്കിമും 16 മുതല്‍ തുടങ്ങുന്ന മത്സരത്തില്‍ മിസോറമുമാണ് ബിഹാറിന്‍റെ എതിരാളികള്‍. 2023-24 സീസണില്‍ പന്ത്രണ്ടാം വയസിലാണ് വൈഭവ് രഞ്ജി ട്രോഫിയില്‍ അരങ്ങേറിയത്. ഐപിഎല്‍ താരലേലത്തില്‍ 1.1 കോടി മുടക്കി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയതോടെ ഐപിഎല്‍ കരാര്‍ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും വൈഭവ് സ്വന്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക