ഇരുവരും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 177 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് വിന്‍ഡീസിന്‍റെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കിയത്. രണ്ടാം ഇന്നിംഗ്സില്‍ രണ്ട് ബാറ്റര്‍മാര്‍ സെഞ്ചുറി നേടിയതോടെ മറ്റൊരു അപൂര്‍വ റെക്കോര്‍ഡും വിന്‍ഡീസ് സ്വന്തമാക്കി.
ദില്ലി: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ വെസ്റ്റ് ഇന്‍ഡീസ് 390 റണ്‍സടിച്ച് റെക്കോര്‍ഡിട്ടപ്പോള്‍ സെഞ്ചുറികളുമായി പോരാട്ടം നയിച്ചത് ഓപ്പണർ ജോണ്‍ കാംബെല്ലും ഷായ് ഹോപ്പുമായിരുന്നു. ജോണ്‍ കാംബെല്‍ 115 റണ്‍സെടുത്തപ്പോള്‍ ഷായ് ഹോപ്പ് 103 റണ്‍സെുത്തു. ഇരുവരും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 177 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് വിന്‍ഡീസിന്‍റെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കിയത്. രണ്ടാം ഇന്നിംഗ്സില്‍ രണ്ട് ബാറ്റര്‍മാര്‍ സെഞ്ചുറി നേടിയതോടെ മറ്റൊരു അപൂര്‍വ റെക്കോര്‍ഡും വിന്‍ഡീസ് സ്വന്തമാക്കി.
1974നുശേഷം ആദ്യമായാണ് വെസ്റ്റ് ഇന്‍ഡീസിന്‍റെ രണ്ട് ബാറ്റര്‍മാര്‍ ഇന്ത്യയില്‍ രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടുന്നത്. 1974ലെ ബെംഗളൂരു ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനായി ഗോര്‍ഡന്‍ ഗ്രീനിഡ്ജും ക്യാപ്റ്റൻ ക്ലൈവ് ലോയ്ഡുമായിരുന്നു രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യക്കെതിരെ ഒരുമിച്ച് സെഞ്ചുറി നേടിയ ബാറ്റര്‍മാര്‍. ഗ്രീനിഡ്ജ് 208 പന്തില്‍ 107 റണ്‍സെടുത്തപ്പോള്‍ ക്ലൈവ് ലോയ്ഡ് 149 പന്തില്‍ 163 റണ്‍സാണ് അടിച്ചത്. ടെസ്റ്റ് ചരിത്രത്തില്‍ തന്നെ ഇത് മൂന്നാം തവണ മാത്രമാണ് രണ്ട് വിന്‍ഡീസ് ബാറ്റര്‍മാര്‍ ഇന്ത്യയില്‍ രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറി നേടുന്നത്.
1948-49ല്‍ എവര്‍ട്ടൻ വീക്സും ക്ലെയ്ഡ് വാല്‍ക്കോട്ടുമാണ് ആദ്യം ഈ നേട്ടം കൈവരിച്ചവര്‍. ഓപ്പണറായി ഇറങ്ങി സെഞ്ചുറി നേടിയതോടെ മറ്റൊരു അപൂര്‍വനേട്ടവും ജോണ്‍ കാംബെല്‍ സ്വന്തമാക്കി. കഴിഞ്ഞ 23 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യയില്‍ സെഞ്ചുറി നേടുന്ന വിന്‍ഡീസ് ഓപ്പണറെന്ന നേട്ടമാണ് കാംബെല്‍ സ്വന്തം പേരിലാക്കിയത്. കാംബെല്ലിനും ഷായ് ഹോപ്പിനും പുറമെ അവസാന വിക്കറ്റില്‍ അസാമാന്യ പോരാട്ടം കാഴ്ച്ചവെച്ച ജസ്റ്റിന്‍ ഗ്രീവ്സ്-ജെയ്ഡന്‍ സീല്‍സ് സഖ്യം പത്താം വിക്കറ്റ് കൂട്ടുകെട്ടില്‍ 79 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് വിന്‍ഡീസിന്‍റെ രണ്ടാം ഇന്നിംഗ്സ് 390 റണ്‍സിലെത്തിയത്.
132 പന്തുകള്‍ നേരിട്ട അവസാന വിക്കറ്റ് സഖ്യം തകര്‍ക്കാനാകാതെ ഇന്ത്യ വിയര്‍ത്തപ്പോള്‍ ചായക്ക് ശേഷം ജെയ്ഡന്‍ സീല്‍സിനെ വാഷിംഗ്ടണ്‍ സുന്ദറിന്‍റെ കൈകളിലെത്തിച്ച ജസ്പ്രീത് ബുമ്രയാണ് വിന്‍ഡീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ജസ്റ്റിന്‍ ഗ്രീവ്സ് 50 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ജെയ്ഡന്‍ സീല്‍സ് 32 റണ്‍സെടുത്തു.


