വിജയ് ഹസാരെ ട്രോഫിയിലെ പ്ലേറ്റ് ലീഗ് മത്സരത്തില്‍ മണിപ്പൂരിനെതിരാ ഇന്നത്തെ മത്സരത്തില്‍ ബിഹാറിന്‍റെ പ്ലേയിംഗ് ഇലവനില്‍ വൈഭവ് ഉണ്ടായിരുന്നില്ല.

പറ്റ്ന: വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ അരുണാചല്‍പ്രദേശിനെതിരെ വെടിക്കെട്ട് സെഞ്ചുറി നേടിയ ബിഹാറിന്‍റെ പതിനാലുകാരന്‍ വൈഭവ് സൂര്യവന്‍ഷിക്ക് ടൂര്‍ണമെന്‍റിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കാനാകില്ല. വിജയ് ഹസാരെ ട്രോഫിയിലെ പ്ലേറ്റ് ലീഗ് മത്സരത്തില്‍ മണിപ്പൂരിനെതിരാ ഇന്നത്തെ മത്സരത്തില്‍ ബിഹാറിന്‍റെ പ്ലേയിംഗ് ഇലവനില്‍ വൈഭവ് ഉണ്ടായിരുന്നില്ല. കുട്ടികള്‍ക്ക് രാജ്യം നല്‍കുന്ന ഏറ്റവും വലിയ പുരസ്കാരമായ പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്കാരം ഏറ്റുവാങ്ങാനായി ഡല്‍ഹിക്ക് പോയതിനാലാണ് വൈഭവിന് ഇന്ന് മണിപ്പൂരിനെതിരായ മത്സരം നഷ്ടമായതെന്ന് വൈഭവിന്‍റെ പരിശീലകനായ മനീഷ് ഓജ പറ‍ഞ്ഞു.

രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത്. പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ധീരതക്കും, കല, സംസകാരം, പരിസ്ഥിതി, നവീന ആശയം, ശാസ്ത്ര സാങ്കേതിക വിദ്യ, സാമൂഹിക പ്രവര്‍ത്തനം, സ്പോട്സ് മേഖലകളില്‍ അസാമാന്യ നേട്ടം കൈവരിക്കുന്ന 5-18 പ്രായപരിധിയിലുളള കുട്ടികള്‍ക്ക് രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയാണ് പ്രധാനമന്ത്രി ബാല്‍ പുരസ്കാരം.

പുരസ്കാരം സ്വീകരിച്ചശേഷം തിരിച്ചെത്തുന്ന വൈഭവ് അണ്ടര്‍ 19 ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്‍റെ ക്യാംപിലേക്കാണ് പോകുക.അടുത്ത വര്‍ഷം ജനുവരി 15 മുതല്‍ സിംബാബ്‌വെയിലും നമീബിയയിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. അരുണാചലിനെതിരായ ആദ്യമത്സരത്തില്‍ 84 പന്തില്‍ 190 റണ്‍സടിച്ച് വൈഭവ് റെക്കോര്‍ഡിട്ടിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ലോക റെക്കോര്‍ഡും അതിവേഗം 150 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡുമാണ് വൈഭവ് സ്വന്തമാക്കിയത്.വിജയ് ഹസാരെക്ക് മുമ്പ് നടന്ന അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ വൈഭവ് യുഎഇക്കെതിരെ 171 റണ്‍സും നേടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക