സണ്‍റൈസേഴ്സ് ഹൈദരാബാദിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും 11.25 കോടിക്ക് സ്വന്തമാക്കിയ ഇഷാന്‍ കിഷനെ അടുത്ത സീസണില്‍ നിലനിര്‍ത്താനുള്ള സാധ്യത വിരളമാണെന്ന് ആരോണ്‍ പറഞ്ഞു.

മുംബൈ: ഐപിഎല്‍ പതിനെട്ടാം പതിപ്പിന്‍റെ ലീഗ് ഘട്ടം ഇന്ന് അവസാനിക്കാനിരിക്കെ അടുത്ത ഐപിഎല്‍ താരലേലത്തിന് മുമ്പ് ടീമുകള്‍ ഒഴിവാക്കിയേക്കാവുന്ന താരങ്ങളുടെ പട്ടികയുമായി മുന്‍ ഇന്ത്യൻ താരം വരുണ്‍ ആരോണ്‍. ഐപിഎല്ലിലെ വില കൂടിയ താരമായ ലക്നൗ നായകന്‍ റിഷഭ് പന്തിനെ അടക്കം ടീമുകള്‍ അടുത്ത ലേലത്തിന് മുമ്പ് കൈയൊഴിയുമെന്ന് ആരോണ്‍ പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിംഗ്സ് 9.75 കോടിക്ക് സ്വന്തമാക്കിയ ആര്‍ അശ്വിനെയും രചിന്‍ രവീന്ദ്രയെയും ഡെവോണ്‍ കോണ്‍വെയെയും ഒഴിവാക്കുമെന്ന് ഉറപ്പാണെന്നും ആരോണ്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു. ചെന്നൈക്കൈയ ഒമ്പത് കളികളില്‍ ഇറങ്ങിയ അശ്വിന് ഈ സീസണില്‍ ഏഴ് വിക്കറ്റും 33 റണ്‍സും മാത്രമാണ് നേടാനായത്.

സണ്‍റൈസേഴ്സ് ഹൈദരാബാദിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും 11.25 കോടിക്ക് സ്വന്തമാക്കിയ ഇഷാന്‍ കിഷനെ അടുത്ത സീസണില്‍ നിലനിര്‍ത്താനുള്ള സാധ്യത വിരളമാണെന്ന് ആരോണ്‍ പറഞ്ഞു. ആദ്യ മത്സരത്തില്‍ 106 റണ്‍സും അവസാന മത്സരങ്ങളിലൊന്നില്‍ 94 റണ്‍സും നേടിയത് ഒഴിച്ചാല്‍ 14 മത്സരങ്ങളില്‍ 354 റണ്‍സാണ് കിഷന്‍റെ നേട്ടം. 10 കോടി രൂപക്ക് ലേലത്തില്‍ സ്വന്തമാക്കിയ മുഹമ്മദ് ഷമിയാകും അടുത്ത സീസണില്‍ ഹൈദരാബാദ് ഒഴിവാക്കുന്ന മറ്റൊരു താരമെന്നും ആരോൺ പറഞ്ഞു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ അജിങ്ക്യാ രഹാനെയെ നിലനിര്‍ത്തുമെന്നും എന്നാല്‍ 23.75 കോടിക്ക് നിലനിര്‍ത്തിയ വെങ്കടേഷ് അയ്യരെ കൈയൊഴിയുമെന്നും ആരോണ്‍ പറഞ്ഞു. 202.28 ശരാശരിയില്‍ 142 റണ്‍സ് മാത്രമാണ് വെങ്കടേഷ് അയ്യര്‍ ഈ സീസണില്‍ നേടിയത്.

അവസാനമായി ലക്നൗ സൂപ്പര്‍ ജയന്‍റ്സ് 27 കോടിക്ക് ടീമിലെത്തിച്ച ക്യാപ്റ്റന്‍ റിഷഭ് പന്തിനെയും 11 കോടിക്ക് നിലനിര്‍ത്തിയ പേസര്‍ മായങ്ക് യാദവിനെയും കൈയൊഴിയാനാണ് സാധ്യതതയെന്നും ആരോണ്‍ പറഞ്ഞു. സ്പിന്നര്‍ രവി ബിഷ്ണോയ് ആയിരിക്കും ലക്നൗ കൈവിടുന്ന മറ്റൊരു താരമെന്നും ആരോണ്‍ വ്യക്തമാക്കി.