റിഷഭ് പന്തിനും ശ്രേയസ് അയ്യര്‍ക്കും ശേഷം ഏറ്റവും ഉയര്‍ന്ന തുക കിട്ടിയ മൂന്നാമത്തെ താരം കൂടിയാണ് വെങ്കടേഷ്.

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം കിട്ടിയ താരങ്ങളില്‍ ഒരാളാണ് വെങ്കടേഷ് അയ്യര്‍. 23.75 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ തിരിച്ചെത്തിച്ചത്. റിഷഭ് പന്തിനും ശ്രേയസ് അയ്യര്‍ക്കും ശേഷം ഏറ്റവും ഉയര്‍ന്ന തുക കിട്ടിയ മൂന്നാമത്തെ താരം കൂടിയാണ് വെങ്കടേഷ്. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ നിരാശപ്പെടുത്തിയിരുന്നു താരം. മൂന്ന് ഇന്നിംഗ്‌സുകളില്‍ നിന്നായി 69 റണ്‍സ് മാത്രമാണ് വെങ്കടേഷ് നേടിയത്. അതില്‍ 60 റണ്‍സും അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആയിരുന്നു.

ആദ്യ രണ്ട് മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിക്കാത്തതിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ വെങ്കടേഷ്. താരത്തിന്റെ വാക്കുകള്‍... ''താരലേലത്തില്‍ കൂടുതല്‍ പ്രതിഫലം ലഭിച്ചത് ഒരുപാട് ചോദ്യങ്ങള്‍ക്ക് കാരണമാകും. ചില മത്സരങ്ങളില്‍ ടീമിന് വേണ്ടി വലിയ റണ്‍സ് നേടാന്‍ കഴിയില്ല. പക്ഷേ ഞാന്‍ ടീമിന്റെ വിജയത്തിന് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്ന ഒരു ബാറ്ററാണ്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ് കളിക്കാരനായതുകൊണ്ട് എല്ലാ മത്സരത്തിലും റണ്‍സ് നേടണമെന്നില്ല.'' വെങ്കടേഷ് പറഞ്ഞു. 

കൊല്‍ക്കത്ത ഓള്‍റൗണ്ടര്‍ തുടര്‍ന്നു... ''ഐപിഎല്‍ കളിക്കുമ്പോള്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്നുള്ളത് ശരിയാണ്. എന്നാല്‍ അത് കൂടുതല്‍ പണം ലഭിച്ച താരമെന്നുള്ള സമ്മര്‍ദ്ദമല്ല. അതിനപ്പുറത്ത് ടീമിന്റെ വിജയത്തിന് എന്തൊക്കെ സംഭാവന നല്‍കണമെന്നതിനെ കുറിച്ചുള്ള ആശങ്കയാണ്. 20 ലക്ഷത്തിനോ 20 കോടിക്കോ വിറ്റഴിക്കപ്പെട്ടോ എന്നത് പ്രശ്‌നമല്ല. താരത്തിന്റെ ഫോമിനെ നിര്‍ണയിക്കുന്നത് പണമല്ല. കൊല്‍ക്കത്ത നിരയില്‍ ആംഗ്കൃഷ് രഘുവന്‍ശി എന്നൊരു യുവതാരമുണ്ട്. അവന്‍ നന്നായി കളിക്കുന്ന താരമാണ്.

'ആരും നന്നായി കളിച്ചില്ല'; കൂറ്റന്‍ തോല്‍വിയുടെ കാരണം വ്യക്തമാക്കി ഹൈദരാബാദ് ക്യാപ്റ്റന്‍ കമ്മിന്‍സ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷമാണ് വെങ്കടേഷ് സംസാരിച്ചത്. മത്സരത്തില്‍ കൊല്‍ക്കത്ത 80 റണ്‍സിന് ജയിച്ചിരുന്നു. നാല് മത്സരങ്ങളില്‍ ഹൈദരാബാദിന്റെ മൂന്നാം തോല്‍വിയാണിത്. ഒരു മത്സരം മാത്രം ജയിച്ച ഹൈദരാബാദ് അവസാന സ്ഥാനത്തേക്ക് വീഴുകയും ചെയ്തു. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരബാദ് 16.4 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തി, വൈഭവ് അറോറ എന്നിവരാണ് ഹൈദരാബാദിനെ തകര്‍ത്തത്.