185 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംിന് ഇറങ്ങിയ കേരളം 34 ഓവറില്‍ നാല വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.  59 റണ്‍സുമായി പുറത്താവാതെ നിന്ന സച്ചിന്‍ ബേബിയാണ് (Sachin Baby) വിജയം എളുപ്പമാക്കിയത്.

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ (Vijaya Hazare) കേരളത്തിന് വിജയത്തുടക്കം. രാജ്‌കോട്ടില്‍ ഛണ്ഡീഗഡിനെതിരായ മത്സരത്തില്‍ (Chandigarh) ആറ് വിക്കറ്റിനായിരുന്നു കേരളത്തിന്റെ ജയം. 185 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംിന് ഇറങ്ങിയ കേരളം 34 ഓവറില്‍ നാല വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 59 റണ്‍സുമായി പുറത്താവാതെ നിന്ന സച്ചിന്‍ ബേബിയാണ് (Sachin Baby) വിജയം എളുപ്പമാക്കിയത്.

സച്ചിന് പുറമെ ഓപ്പണര്‍ രോഹന്‍ കുന്നുമ്മേല്‍ (46) മികച്ച പ്രകടനം പുറത്തെടുത്തു. സച്ചിനൊപ്പം 48 റണ്‍സാണ് രോഹന്‍ കൂട്ടിച്ചേര്‍ത്തത്. രോഹനെ ജസ്‌കരണ്‍ദീപ് പുറത്താക്കി. വിഷ്ണു വിനോദാണ് (32 പന്തില്‍ 28) തിളങ്ങിയ മറ്റൊരു താരം. സച്ചിന്‍- വിഷ്ണു സഖ്യം 62 റണ്‍സ് നേടി. എന്നാല്‍ വിഷ്ണുവിനെ അര്‍പിത് സിംഗ് മടക്കിയയച്ചു. 

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (24) മികച്ച തുടക്കത്തിന് ശേഷം നിരാശപ്പെടുത്തി. യുവരാജ് ചൗധരിയുടെ പന്തില്‍ ക്യാ്പറ്റന്‍ ബൗള്‍ഡായി. മുഹമ്മദ് അസറുദ്ദീനാണ് (9) പുറത്തായ മറ്റൊരു താരം. ജഗ്ജിത് സിംഗ് സന്ധു അസറുദ്ദീനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. വിനൂപ് ഷീല മനോഹരന്‍ (5) സച്ചിനൊപ്പം പുറത്താവാതെ നിന്നു.

നേരത്തെ, രാജ്‌കോട്ടില്‍ ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഛണ്ഡീഗഡിനായി 56 റണ്‍സ് നേടിയ മനന്‍ വൊഹ്‌റയ്ക്ക് (Manan Vohara) മാത്രമാണ് തിളങ്ങാനായത്. എട്ട് വിക്കറ്റുകളാണ് ഛണ്ഡീഗഡിന് നഷ്ടമായത്. സിജോമോന്‍ ജോസഫ് കേരളത്തിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ബേസില്‍ തമ്പി രണ്ട് വിക്കറ്റെടുത്തു.

കേരളം ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തി. സരുള്‍ കന്‍വാറാണ് (0) പുറത്തായത്. ബേസിലിനായിരുന്നു വിക്കറ്റ്. പിന്നാലെ അവര്‍ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. അഞ്ചിന് 93 എന്ന നിലയിലേക്ക് വീണു അവര്‍. ശിവം ബാംഭ്രി (14), കുനാല്‍ മഹാജന്‍ (8) വൊഹ്‌റ (56), കൗഷിക് (11) എന്നിവരെയാണ് ഛത്തീസ്ഗഡിന് നഷ്ടമായത്. 

അര്‍ജിത് സിംഗ് (15), യുവരാജ് ചൗധരി (14) എന്നിവരാണ് സ്‌കോര്‍ 100 കടത്തിയത്. ഇരുവരേയും പുറത്താക്കി സിജോമോന്‍ കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. ഛണ്ഡീഗഡ് 120ന് ഏഴ് എന്ന നിലയിലായി. തുടര്‍ന്നത്തിയ ജസ്‌കരണ്‍ദീപ് സിംഗ് (13) പെട്ടന്ന് മടങ്ങിയെങ്കിലും അര്‍പിത് സിംഗ് (25), സന്ദീപ് ശര്‍മ (26) എന്നിവര്‍ സ്‌കോര്‍ 180 കടത്തി. സിജോമോന്‍, ബേസില്‍ എന്നിവര്‍ക്ക് പുറമെ മനു കൃഷ്ണന്‍, വിഷ്ണു വിനോദ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്്ത്തി. 

കേരള ടീം: രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, വിനൂപ്, മനു കൃഷ്ണന്‍, അക്ഷയ് കെ സി, നിതീഷ് എം ഡി, ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ്.