ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഹൈദരാബാദിനെതിരെ കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി ആരും വമ്പന്‍ പ്രകടനം പുറത്തെടുത്തില്ലെങ്കിലും 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 227 റണ്‍സ് നേടി. സഞ്‌ജു സാംസണ്‍ ആണ് കേരളത്തിന്‍റെ ടോപ് സ്‌കോറര്‍.

ഓപ്പണര്‍ വിനൂപ് മനോഹരന്‍ ഗോള്‍ഡണ്‍ ഡക്കായപ്പോള്‍ നായകന്‍ റോബിന്‍ ഉത്തപ്പയ്‌ക്ക് നേടാനായത് 33 റണ്‍സ്. വിഷ്‌ണു വിനോദ്- സഞ്‌ജു സാംസണ്‍ എന്നിവര്‍ക്കും മികച്ച തുടക്കം മുതലാക്കായില്ല. വിഷ്‌ണു 29 റണ്‍സിലും സഞ്‌ജു 36 റണ്‍സിലും മടങ്ങി. മുന്‍ നായകന്‍ സച്ചിന്‍ ബേബി(32), രാഹുല്‍ പി(35), അക്ഷയ് ചന്ദ്രന്‍(28), മുഹമ്മദ് അസറുദ്ദീന്‍(12), ആസിഫ് കെ എം(0), ബേസില്‍ തമ്പി(8*), സന്ദീപ് വാര്യര്‍(1*) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്‌മാന്‍മാരുടെ സ്‌കോര്‍.

ഹൈദരാബാദിനായി അജയ് ദേവ് ഗൗഡ് മൂന്നും മുഹമ്മദ് സിറാജും മെഹ്‌ദി ഹസനും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി. സൗരാഷ്‌ട്രയോടും കര്‍ണാടകത്തോടും തോറ്റ കേരളത്തിന് മൂന്ന് മത്സരങ്ങളില്‍ രണ്ട് പോയിന്‍റാണുള്ളത്.