ബെംഗളൂരു: വിജയ് ഹസാരേ ട്രോഫി ഏകദിന ക്രിക്കറ്റില്‍ കേരളത്തിന്‍റെ രണ്ടാം മത്സരം വൈകുന്നു. ബെംഗളൂരുവില്‍ രാവിലെ ഒന്‍പതിനായിരുന്നു സൗരാഷ്‌ട്രയ്‌ക്കെതിരായ മത്സരം ആരംഭിക്കേണ്ടിയിരുന്നത്. കേരളത്തിന്‍റെയും സൗരാഷ്‌ട്രയുടെയും മത്സരങ്ങള്‍ കഴിഞ്ഞദിവസം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഇരുടീമുകള്‍ക്കും രണ്ട് പോയിന്‍റ് വീതം ഉണ്ട്. ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാപ്രവചനം. 

കഴിഞ്ഞ സീസണിൽ സൗരാഷ്‌ട്രയ്‌ക്കായി കളിച്ച റോബിന്‍ ഉത്തപ്പ ഇക്കുറി കേരളത്തിന്‍റെ നായകനാണെന്ന പ്രത്യേകതയുണ്ട്. ജയദേവ് ഉനാദ്കട്ട് ആണ് സൗരാഷ്‌ട്ര ടീമിനെ ഇക്കുറി നയിക്കുന്നത്. 

അതേസമയം കേരള ക്യാപ്റ്റന്‍ പദവി നഷ്ടമായത് തന്നെ ബാധിക്കില്ലെന്ന് സച്ചിന്‍ ബേബി വ്യക്തമാക്കി. രഞ്‌ജി ട്രോഫിയിൽ കഴിഞ്ഞ സീസണില്‍ കേരളത്തെ സെമിയിലെത്തിച്ചെങ്കിലും ഏകദിന, ട്വന്‍റി20 ഫോര്‍മാറ്റുകളില്‍ റോബിന്‍ ഉത്തപ്പയെ നായകനാക്കാന്‍ കെസിഎ തീരുമാനിക്കുകയായിരുന്നു. നായകപദവി നഷ്‌ടമായ ശേഷം ആദ്യമായി പരസ്യപ്രതികരണത്തിന് തയ്യാറായിരിക്കുകയാണ് സച്ചിന്‍ ബേബി.

ഇത്തവണ മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടാന്‍ കേരളത്തിന് കഴിയും. സെലക്‌ടര്‍മാരുടെ തീരുമാനം തന്‍റെ മനോഭാവത്തില്‍ മാറ്റം വരുത്തില്ല. ഐപിഎല്‍ താരലേലത്തിന് മുന്‍പ് വിജയ് ഹസാരേ, മുഷ്താഖ് അലി ടൂര്‍ണമെന്‍റുകള്‍ നടത്തുന്നത് കേരളത്തിൽ നിന്നുള്ള താരങ്ങള്‍ക്ക് നേട്ടമാകും. കേരളത്തെ വിലകുറച്ചുകാണാന്‍ ഒരു ടീമും ഇപ്പോള്‍ തയ്യാറാകില്ലെന്നും സച്ചിന്‍ ബേബി പറഞ്ഞു.