മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിംഗ് പരിശീലകനാവാൻ അപേക്ഷ നൽകിയവരിൽ സെലക്ഷൻ കമ്മിറ്റി മുൻ അംഗം വിക്രം റാത്തോറും. നേരത്തേ ഇന്ത്യയുടെ അണ്ടർ 19, ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിംഗ് കോച്ച് സ്ഥാനങ്ങളിലേക്ക് നൽകിയ റാത്തോറിന്‍റെ അപേക്ഷകൾ ഭിന്നതാൽപര്യം ചൂണ്ടിക്കാട്ടി ബിസിസിഐ നിരസിച്ചിരുന്നു. 

റാത്തോറിനൊപ്പം മുൻതാരം പ്രവീൺ ആംറേയും ബാറ്റിംഗ് കോച്ചായി അപേക്ഷ നൽകിയിട്ടുണ്ട്. നിലവിലെ ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബാംഗർ തുടരാൻ സാധ്യതയില്ലെന്നാണ് സൂചന. മുഖ്യ പരിശീലകനായി രവി ശാസ്‌ത്രി തുടരാനിടയുണ്ട്. എന്നാല്‍ ടോം മൂഡിയായിരിക്കും ശാസ്‌ത്രിയുടെ പ്രധാന എതിരാളി. ഫീൽഡിംഗ് കോച്ചായി ജോണ്ടി റോഡ്‌സും റോബിൻ സിംഗും അപേക്ഷ നൽകിയിട്ടുണ്ട്.

കപിൽ ദേവ്, അൻഷുമാൻ ഗെയ്‌ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ ഉൾപ്പെട്ട സമിതിയാണ് പുതിയ പരിശീലകനെ തിരഞ്ഞെടുക്കുക. വെസ്റ്റ് ഇന്‍ഡ‍ീസ് പര്യടനം പൂര്‍ത്തിയാവുന്നതുവരെയാണ് നിലവിലെ പരിശീലക സംഘത്തിന് കാലാവധി നീട്ടിനല്‍കിയിരിക്കുന്നത്.