Asianet News MalayalamAsianet News Malayalam

ഇന്‍ഡോറില്‍ ആദ്യ സെഷനിലെ അസാധാരണ ടേണ്‍;കാരണം വ്യക്തമാക്കി ഇന്ത്യന്‍ ബാറ്റിംഗ് കോച്ച്

ഇന്‍ഡോറില്‍ പിച്ചൊരുക്കാന്‍ ക്യുറേറ്റര്‍മാര്‍ക്ക് മതിയായ സമയം ലഭിച്ചിരുന്നില്ലെന്ന് ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകനായ വിക്രം റാത്തോര്‍ പറഞ്ഞു.

Vikram Rathour  says that may be the reason Australian Spinners get more turn at Indore gkc
Author
First Published Mar 1, 2023, 8:00 PM IST

ഇന്‍ഡോര്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തപ്പോള്‍ മത്സരം കാണാനെത്തിയ പതിനായിരക്കണക്കിന് ആരാധകര്‍ ഒന്ന് സന്തോഷിച്ചുകാണും. ബാറ്റിംഗ് പറുദീസയായ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ബാറ്റിംഗ് പൂരം കാണാനൊരുങ്ങിയവരെ ഞെട്ടിച്ച് ആദ്യ സെഷനില്‍ തന്നെ ഇന്ത്യ തകര്‍ന്നടിയുന്നതാണ് കണ്ടത്. ലഞ്ചിന് മുമ്പ ഏഴ് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ ല‍ഞ്ചിന് ശേഷം 109 റണ്‍സിന് ഓള്‍ ഔട്ടായി.ഇന്ത്യന്‍ ഇന്നിംഗ്സിലെ ആറാം ഓവറില്‍ തന്നെ സ്പിന്നര്‍മാരെ പന്തേല്‍പ്പിക്കാനുള്ള ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്‍റെ തീരുമാനമാണ് കളിയില്‍ വഴിത്തിരിവായത്.

ആദ്യ മണിക്കൂറില്‍ തന്നെ സ്പിന്നര്‍മാരായ മാത്യു കുനെമാനും നേഥന്‍ ലിയോണും അസാധാരണ ടേണാണ് ലഭിച്ചത്. ഇന്ത്യയിലെ ഏതൊരു സ്പിന്‍ പിച്ചില്‍ ലഭിക്കുന്നതിലും അധികം ടേണ്‍ ആദ്യ മണിക്കൂറില്‍ തന്നെ ഇന്‍ഡോറില്‍ ലഭിക്കുന്നത് കണ്ട് ഇന്ത്യന്‍ താരങ്ങള്‍ പോലും അമ്പരന്നു കാണണം. എന്താണ് ഈ അസാധാരണ ടേണിന് പിന്നിലെ കാരണമെന്ന് തുറന്നു പറയുകയാണ് ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായ വിക്രം റാത്തോര്‍.ധരംശാലയില്‍ നിശ്ചയിച്ചിരുന്ന മൂന്നാം ടെസ്റ്റ് രണ്ടാഴ്ച മുമ്പ് മാത്രമാണ് ഇന്‍ഡോറിലേക്ക് മാറ്റിയത്. ധരംശാലയിലെ ഗ്രൗണ്ട് മത്സരസജ്ജമാകാത്തതിനാലായിരുന്നു ഇത്. എന്നാല്‍ ഇന്‍ഡോറില്‍ പിച്ചൊരുക്കാന്‍ ക്യുറേറ്റര്‍മാര്‍ക്ക് മതിയായ സമയം ലഭിച്ചിരുന്നില്ലെന്ന് ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകനായ വിക്രം റാത്തോര്‍ പറഞ്ഞു.

സീനിയര്‍-ജൂനിയര്‍ വ്യത്യാസം നോക്കരുത്; ജഡേജ മൂന്ന് ഡിആര്‍എസും നഷ്ടമാക്കിയതില്‍ പ്രതികരിച്ച് മഞ്ജരേക്കര്‍

ടേണിംഗ് പിച്ചുകളില്‍ കളിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതാണ് നമ്മുടെ ശക്തിയും.എന്നാല്‍ ഇന്‍ഡോറിലേത് അല്‍പം കൂടിപ്പോയി.ആദ്യ രണ്ട് ടെസ്റ്റുകള്‍ കളിച്ച പിച്ചുകള്‍ ഇത്രത്തോളം ടേണില്ലാത്തതായിരുന്നു.ഒരുപക്ഷെ ക്യൂറേറ്റര്‍മാര്‍ക്ക് പിച്ചൊരുക്കാന്‍ മതിയായ സമയം ലഭിക്കാത്തതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത്.രഞ്ജി മത്സരങ്ങള്‍ക്ക് വേദിയായ ഇന്‍ഡോറിലേക്ക് അവസാന നിമിഷമാണ് ടെസ്റ്റ് മാറ്റിയത്.അതുകൊണ്ടുതന്നെ പിച്ച് തയാറാക്കാന്‍ ക്യൂറേറ്റര്‍മാര്‍ക്ക് സമയം ലഭിച്ചില്ലായിരിക്കും.

രാവിലെ പിച്ചിലെ ഈര്‍പ്പവും പന്തുകള്‍ക്ക് അസാധാരണ ടേണ്‍ ലഭിക്കാന്‍ കാരണമായതായി റാത്തോര്‍ പറഞ്ഞു.ഇതിനെക്കാള്‍ മികച്ച ടോട്ടല്‍ നേടാമായിരുന്നെങ്കിലും ആരും മോശം ഷോട്ട് കളിച്ചല്ല പുറത്തായത്.ബാറ്റിംഗ് നിരക്ക് ഇന്നൊരു ഓഫ് ഡേ ആയിരുന്നുവെന്ന് കരുതിയാല്‍ മതി.പ്രതീക്ഷിച്ചതിനേക്കാള്‍ ടേണുണ്ടായിരുന്നതിനാല്‍ ശരിക്കും വെല്ലുവിളി നിറഞ്ഞ വിക്കറ്റായിരുന്നു ഇന്‍ഡോറിലേതെന്നും റാത്തോര്‍ പറഞ്ഞു.ഉച്ച കഴിഞ്ഞപ്പോഴേക്കും സ്ലോ ആയ വിക്കറ്റില്‍ ഓസീസ് സ്പിന്നര്‍മാര്‍ക്ക് ലഭിച്ചതുപോലെ ടേണ്ർ ലഭിച്ചിരുന്നില്ലെന്നും റാത്തോര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 109 റണ്‍സിന് മറുപടിയായി ഓസ്ട്രേലിയ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios