വയോജന കേന്ദ്രത്തിലെ ശുചിത്വത്തെയും സൗകര്യങ്ങളെയും പ്രശംസിച്ച് കാംബ്ലി സംസാരിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.
മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യനിലയിൽ വീണ്ടും ആശങ്കയിലായിരിക്കുകയാണ് ക്രിക്കറ്റ് ലോകം. താനെയിലെ ഒരു വയോജന പരിചരണ കേന്ദ്രത്തിൽ കഴിയുന്ന കാംബ്ലിയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെക്കുറിച്ച് വീണ്ടും ചർച്ചകൾ സജീവമായത്. താനെയിലെ 'നിദാൻ സെന്‍റർ ഫോർ എൽഡർലി കെയർ' എന്ന കേന്ദ്രത്തിൽ നിന്നുള്ളതാണ് ഈ വീഡിയോ.
വയോജന കേന്ദ്രത്തിലെ ശുചിത്വത്തെയും സൗകര്യങ്ങളെയും പ്രശംസിച്ച് കാംബ്ലി സംസാരിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. വയോജന കേന്ദ്രത്തിലെ ജീവിതം സ്വന്തം വീട്ടിലെന്ന പോലെ അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും, വ്യക്തമായി സംസാരിക്കാൻ പോലും പ്രയാസപ്പെടുന്ന കാംബ്ലിയുടെ ശാരീരികാവസ്ഥയാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്.
54-കാരനായ കാംബ്ലി കഴിഞ്ഞ കുറച്ചുകാലമായി കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്. കാംബ്ലിയുടെ തലച്ചോറിൽ രക്തക്കട്ട പിടിച്ചിട്ടുണ്ടെന്നും ഇതുമൂലം അദ്ദേഹത്തിന് ഓർമ്മക്കുറവുണ്ടെന്നും സുഹൃത്തും മുൻ ഫസ്റ്റ് ക്ലാസ് അമ്പയറുമായ മാർക്കസ് കുട്ടോ വെളിപ്പെടുത്തിയിരുന്നു. സംഭവങ്ങൾ പെട്ടെന്ന് മറന്നുപോകുന്ന അവസ്ഥയാണെന്നും പുകവലി വൻ ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.എന്നാൽ കാംബ്ലിയുടെ ഭാര്യ ആന്ദ്രിയ ഹെവിറ്റ് ഈ വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു. കാംബ്ലിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നുമാണ് ആന്ദ്രിയ വ്യക്തമാക്കിയത്.
ഇന്ത്യൻ ക്രിക്കറ്റിൽ ഏറെ പ്രതീക്ഷയോടെ ഉയർന്നുവന്ന അത്ഭുത പ്രതിഭയായിരുന്നു ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കളിക്കൂട്ടുകാരന്‍ കൂടിയായി വിനോദ് കാംബ്ലി. എന്നാൽ കരിയറിലെ മികച്ച തുടക്കത്തിന് ശേഷം പ്രതീക്ഷിച്ച ഉയരങ്ങളിലേക്ക് അദ്ദേഹത്തിന് എത്താൻ സാധിച്ചില്ല. ഇന്ത്യയ്ക്കായി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ച താരം 2000-ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.
