Asianet News MalayalamAsianet News Malayalam

'ഞാൻ ആരോഗ്യവാനായിരിക്കുന്നു'; ആരാധകരുടെ ആശങ്കക്കള്‍ക്കിടെ വിനോദ് കാംബ്ലിയുടെ പുതിയ വീഡിയോ

നേരെ നില്‍ക്കാന്‍ പോലും കഴിയാതെ നിസഹായനായി നില്‍ക്കുന്ന കാംബ്ലിയെ, ഏതാനും പേര്‍ ചേര്‍ന്ന് താങ്ങിനിര്‍ത്തുന്നതും നടക്കാന്‍ സഹായിക്കുന്നതുമായ വീഡിയോ ആണ് കഴിഞ്ഞ ആഴ്ച സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്

Vinod Kambli says he is fit and fine and surviving, After Old Video Goes Viral
Author
First Published Aug 10, 2024, 2:35 PM IST | Last Updated Aug 10, 2024, 2:37 PM IST

മുംബൈ:പരസഹാത്താല്‍ നടക്കാന്‍ പോലുമാകാതെ നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ആഴ്ച പുറത്തുവന്നതിന് പിന്നാലെ ആശങ്കയിലായ ആരാധകര്‍ക്ക് ആശ്വാസമായി മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. രാഹുല്‍ എബ്കോടെ എന്നയാള്‍ എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായി മറുപടി നല്‍കുന്ന വിനോദ് കാംബ്ലിയെ കാണാം. എങ്ങനെ ഇരിക്കുന്നു ഇപ്പോള്‍ എന്ന ചോദ്യത്തിന് ദൈവകൃപയാല്‍ താന്‍ ആരോഗ്യവനായിരിക്കുന്നുവെന്ന് കാംബ്ലി വീഡിയോയില്‍ പറയുന്നു. വേണമെങ്കില്‍ ഗ്രൗണ്ടിലിറങ്ങി ക്രിക്കറ്റ് കളിക്കാനും താന്‍ തയാറാണെന്നും സ്പിന്നര്‍മാരെ അടിച്ച് പുറത്തേക്ക് പറത്താന്‍ തനിക്കാവുമെന്നും ഇന്ത്യക്കായി 117 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള കാംബ്ലി പറഞ്ഞു.

നേരെ നില്‍ക്കാന്‍ പോലും കഴിയാതെ നിസഹായനായി നില്‍ക്കുന്ന കാംബ്ലിയെ, ഏതാനും പേര്‍ ചേര്‍ന്ന് താങ്ങിനിര്‍ത്തുന്നതും നടക്കാന്‍ സഹായിക്കുന്നതുമായ വീഡിയോ ആണ് കഴിഞ്ഞ ആഴ്ച സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതിന് പിന്നാലെ 52കാരനായ കാംബ്ലിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

വിവാദങ്ങളെ ഇടിച്ചിട്ട് അൾജീരിയൻ ബോക്സ‌‍‍‌ർ ഇമാനെ ഖലീഫ്, ബോക്സിംഗ് സ്വര്‍ണം

അതേസമയം അച്ചടക്കമില്ലാത്ത ജീവിതമാണ് അദ്ദേഹത്തെ ഈ നിലയിലെത്തിച്ചതെന്ന് ഒരു വിഭാഗം ആരാധകര്‍ പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ തനിക്കൊരു ജോലി വേണം എന്ന വെളിപ്പെടുത്തലുമായി രണ്ടു വര്‍ഷം മുമ്പ് കാംബ്ലി രംഗത്തെത്തിയിരുന്നു. വിരമിച്ച ക്രിക്കറ്റര്‍മാര്‍ക്കു ബിസിസിഐ നല്‍കുന്ന 30,000 രൂപ പ്രതിമാസ പെന്‍ഷന്‍ മാത്രമാണ് വരുമാനമെന്നും കാംബ്ലി വെളിപ്പെുത്തിയിരുന്നു. മാത്രമല്ല, തനിക്കൊരു ജോലി നല്‍കാന്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് അപേക്ഷിക്കുകയും ചെയ്തു.

മുമ്പും വിവാദങ്ങളുടെ കൂടെയായിരുന്നു കാംബ്ലി. 1996 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍ തോറ്റത് താരങ്ങള്‍ കോഴ വാങ്ങിയതുകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചത് വിവാദമായി. തന്‍റെ മോശം കാലത്ത് ബാല്യകാല സുഹൃത്തായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സഹായിച്ചിരുന്നില്ലെന്ന് ആരോപിച്ച് വിവാദത്തിലായത് 2009ലായിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന് 2022ല്‍ കാംബ്ലിക്കെതിരെ ബാന്ദ്ര പൊലീസില്‍ കേസുമുണ്ട്. ഇന്ത്യക്കായി 100 ഏകദിനങ്ങളിലും 17 ടെസ്റ്റുകളിലും കളിച്ചിട്ടുള്ള കാംബ്ലി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പതിനായിരത്തിലധികം റണ്‍സും നേടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios