കൊല്‍ക്കത്ത: ഒടുവിൽ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് മത്സരത്തിന് ടീം ഇന്ത്യയും തയ്യാര്‍. പകലും രാത്രിയുമായി നടക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഇന്ത്യന്‍ നായകന്‍ വിരാട് കോലി സമ്മതം അറിയിച്ചതായി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി അറിയിച്ചു. പിങ്ക് പന്തില്‍ ഒരു പരിശീലനമത്സരം പോലും ഇന്ത്യന്‍ ടീം കളിച്ചിട്ടില്ല എന്ന ആശങ്ക പങ്കുവെച്ച് പകല്‍-രാത്രി ടെസ്റ്റിനോട് നേരത്തെ മുഖംതിരിച്ചയാളാണ് വിരാട് കോലി. 

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഗാംഗുലിക്ക് നൽകിയ സ്വീകരണത്തിലാണ് ബിസിസിഐ നയംമാറ്റം പ്രഖ്യാപിച്ചത്. ഏത് പരമ്പരയിലാകും പുതിയ പരീക്ഷണം നടത്തുക എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഗാംഗുലി പറഞ്ഞു. ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റിനെ കുറിച്ച് ബിസിസിഐ പലതവണ ആലോചിച്ചെങ്കിലും  ഇന്ത്യന്‍ താരങ്ങളുടെ എതിര്‍പ്പ് കാരണം മാറ്റിവയ്‌ക്കുകയായിരുന്നു.

ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളോട് വിയോജിക്കുന്ന ഇന്ത്യന്‍ ടീമിനെതിരെ നേരത്തെ തുറന്നടിച്ച ആളാണ് സൗരവ് ഗാംഗുലി. വിന്‍ഡീസ്- ഓസ്‌ട്രേലിയ ടീമുകളുമായി നടത്താന്‍ തീരുമാനിച്ചിരുന്ന മത്സരങ്ങള്‍ ബിസിസിഐ കഴിഞ്ഞ വര്‍ഷം ഉപേക്ഷിച്ചിരുന്നു. പകല്‍-രാത്രി മത്സരങ്ങള്‍ സ്‌പിന്നര്‍മാരുടെ ആനുകൂല്യം കുറയ്‌ക്കുമെന്ന നിരീക്ഷണമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.