ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നാല്‍ വിരാട് കോലിയാണ്. പഞ്ചാബ് കിംഗ്‌സ് എന്നാല്‍ പ്രീതി സിന്റയും.

അഹമ്മദാബാദ്: ഐപിഎല്ലിലെ ആദ്യകിരീടം ലക്ഷ്യമിട്ട് ബെംഗളൂരുവും പഞ്ചാബും ഇന്നിറങ്ങുമ്പോള്‍ ശ്രദ്ധാകേന്ദ്രങ്ങളായി വിരാട് കോലിയും പ്രീതി സിന്റയും. ആദ്യ സീസണ്‍ മുതല്‍ ആര്‍സിബിയുടെയും പഞ്ചാബിന്റെയും മുഖങ്ങളാണ് ഇരുവരും. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നാല്‍ വിരാട് കോലിയാണ്. പഞ്ചാബ് കിംഗ്‌സ് എന്നാല്‍ പ്രീതി സിന്റയും. ആര്‍സിബിയില്‍ വമ്പന്‍ താരങ്ങള്‍ ഏറെ വന്നുപോയെങ്കിലും വിരാട് കോലിയെ വെല്ലാന്‍ ആര്‍ക്കുമായിട്ടില്ല. പഞ്ചാബില്‍ സഹഉടമകളും സൂപ്പര്‍ താരങ്ങളുമെല്ലാം ഉണ്ടായെങ്കിലും ടീമിന്റെ മുഖമാണ് പ്രീതി സിന്റ.

ഉയര്‍ച്ച താഴ്ചകളിലെല്ലാം ടീമിനൊപ്പം നിന്നവര്‍. പക്ഷേ പതിനെട്ട് വര്‍ഷത്തിനിടെ ഒരിക്കല്‍പോലും ഐപിഎല്‍ കിരീടത്തില്‍ തൊടാന്‍ ഇരുവര്‍ക്കും ഭാഗ്യമുണ്ടായില്ല. ആര്‍സിബി 2009ലും 2011ലും 2016ലും ഫൈനലില്‍ വീണപ്പോള്‍ പഞ്ചാബ് ഇതിന് മുന്‍പ് ഫൈനലില്‍ എത്തിയത് ഒരിക്കല്‍മാത്രം, 2014ല്‍. ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആര്‍സിബിയും പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പഞ്ചാബും ഫൈനലില്‍ ഇറങ്ങുമ്പോള്‍ അഹമ്മദാബാദില്‍ പുതുചരിത്രം പിറക്കുമെന്നുറപ്പ്.

ഒരാള്‍ ഐപിഎല്‍ കിരീടത്തിനൊപ്പം വിജയ ലഹരിയില്‍ മുങ്ങുമ്പോള്‍ മറ്റൊരാള്‍ ഹൃദയം നുറുങ്ങി കണ്ണീരണിയും. ആരായിരിക്കും കപ്പില്‍ നിറഞ്ഞ് തുളുമ്പുക. ആരായിരിക്കും അടുത്ത ഈഴത്തിനായി കാത്തിരിക്കുക. ഉത്തരം കിട്ടാന്‍ മണിക്കൂറുകള്‍ മാത്രം. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: വിരാട് കോലി, ഫില്‍ സാള്‍ട്ട്, മായങ്ക് അഗര്‍വാള്‍, രജത് പടിധാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ.

പഞ്ചാബ് കിംഗ്‌സ്: പ്രഭ്‌സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമര്‍സായി, കെയ്ല്‍ ജാമിസണ്‍, അര്‍ഷ്ദീപ് സിംഗ്, ഹര്‍പ്രീത് ബ്രാര്‍ / യൂസ്‌വേന്ദ്ര ചാഹല്‍, വിജയ്കുമാര്‍ വൈശാഖ്.