മുംബൈയുടെ കഴിഞ്ഞ നാലു മത്സരങ്ങളിലും ആരാധകര്‍ പാണ്ഡ്യയെ കൂവുകയും രോഹിത് ചാന്‍റ് ഉയര്‍ത്തുകയും ചെയ്തിരുന്നു.
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു മത്സരത്തിനിടെ മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ കൂവിയ ആരാധകരെ വിലക്കി ആര്‍സിബി താരം വിരാട് കോലി. ഇന്നലെ മുംബൈക്കായി ഹാര്‍ദ്ദിക് ബാറ്റിംഗിനിറങ്ങിയപ്പോഴായിരുന്നു ഒരു വിഭാഗം കാണികള്‍ ഹാര്‍ദ്ദിക്കിനെ കൂവിയത്. എന്നാല്‍ ഇവരെ നോക്കി കൂവരുതെന്നും ഹാര്‍ദ്ദിക് ഇന്ത്യന്‍ താരമാണെന്നും അവന് വേണ്ടി കൈയടിക്കാനും കോലി കാണികളോട് ആവശ്യപ്പെട്ടു.
കോലിയുടെ അഭ്യര്‍ത്ഥന കാണികള്‍ അനുസരിക്കുകയും ചെയ്തു. മുംബൈയുടെ കഴിഞ്ഞ നാലു മത്സരങ്ങളിലും ആരാധകര്‍ പാണ്ഡ്യയെ കൂവുകയും രോഹിത് ചാന്‍റ് ഉയര്‍ത്തുകയും ചെയ്തെങ്കിലും മുന്‍ നായകന്‍ രോഹിത് ശര്‍മ ഇത് തടയാനായി ഒന്നും ചെയ്തില്ലെന്നും ഒടുവില്‍ കോലി തന്നെ വേണ്ടിവന്നു അതിനെന്നും ആര്‍സിബി ആരാധകര്‍ പറയുന്നു. കോലിയുടെ സ്പോര്‍ട്സ്മാന്‍ഷിപ്പിനെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ വാഴ്ത്തുമ്പോള്‍ രോഹിത്തിനെതിരെ ഒളിയമ്പെയ്യുകയും ചെയ്യുന്നുണ്ട്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണെടുത്തത്. മൂന്ന് റണ്‍സെടുത്ത് ജസ്പ്രീത് ബുമ്രയുടെ പന്തില്‍ കോലി തുടക്കത്തിലെ പുറത്തായപ്പോള്‍ 40 പന്തില്‍ 61 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി, 26 പന്തില്‍ 50 റണ്‍സടിച്ച രജത് പാടീദാര്‍, 23 പന്തില്‍ 53 റണ്‍സടിച്ച് പുറത്താകാതെ നിന്ന ദിനേശ് കാര്‍ത്തിക് എന്നിവരാണ് ആര്‍സിബിക്കായി തിളങ്ങിയത്.
മറുപടി ബാറ്റിംഗില്‍ 15.3 ഓവറില്‍ മുംബൈ ലക്ഷ്യത്തിലെത്തിയപ്പോള്‍ ഇഷാന്‍ കിഷന്‍(34 പന്തില്‍ 69), രോഹിത് ശര്‍മ(24 പന്തില്‍ 38), സൂര്യകുമാര്‍ യാദവ്(19 പന്തില്‍ 52), ഹാര്‍ദ്ദിക് പാണ്ഡ്യ(6 പന്തില്‍ 21*), തിലക് വര്‍മ(10 പന്തില്‍ 16*) എന്നിവര്‍ മുംബൈക്കായി തിളങ്ങി.
