ടീം സെലക്ഷനിലും ആരൊക്ക കളിക്കണം, ആരൊക്കെ കളിക്കണ്ട തുടങ്ങിയ എല്ലാ കാര്യങ്ങളിലും ശാസ്ത്രിയുടെയും കോലിയുടെയുമായിരുന്നു അവസാന വാക്ക്. അവര്‍ ഇരുവരുമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിച്ചിരുന്നത്.

മുംബൈ: ടി20 ലോകകപ്പില്‍(T20 World Cup ) ഇന്ത്യന്‍ ടീമിന്‍റെ മെന്‍ററായി മുന്‍ നായകന്‍ എം എസ് ധോണിയെ(MS Dhoni) നിയമിച്ച ബിസിസിഐ(BCCI) തീരുമാനം ആരാധകരുടെ കൈയടി വാങ്ങിക്കുന്നതായിരുന്നു. രണ്ട് ലോകകപ്പില്‍ അടക്കം മൂന്ന് ഐസിസി ടൂര്‍ണമെന്‍റുകളില്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ച ധോണിയുടെ പരിചയ സമ്പത്ത് ഇന്ത്യന്‍ ടീമിന് ഗുണകരമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധോണിയെ മെന്‍ററാക്കുന്നത് അദ്ദേഹത്തെ നിയമിച്ച സമയത്ത് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും(Sourav Ganguly) സെക്രട്ടറി ജയ് ഷായും(Jay Shah) വ്യക്തമാക്കുകയും ചെയ്തു.

ഐപിഎല്ലില്‍(IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്സിനെ(CSK) കിരീടത്തിലേക്ക് നയിച്ചശേഷം ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായ ധോണിക്ക് പക്ഷെ മെന്‍റര്‍ എന്ന നിലയില്‍ കിരീട ഭാഗ്യമുണ്ടായില്ല. ഇന്ത്യ ലോകകപ്പില്‍ സെമി പോലും കാണാതെ പുറത്തായി. എന്നാല്‍ ലോകകപ്പില്‍ ധോണിയെ മെന്‍ററാക്കാനുളള ബിസിസിഐ തീരുമാനെ വെറുതെയെടുത്തതല്ലെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ പേസറായ അതുല്‍ വാസന്‍(Atul Wassan).

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നിയന്ത്രിക്കുന്ന സര്‍വാധികാരികളായ വിരാട് കോലി-രവി ശാസ്ത്രി((Virat Kohli-Ravi Shahstri) കൂട്ടുകെട്ടിന് മൂക്കുകയറിടാനായാണ് ലോകകപ്പില്‍ ധോണിയെ മെന്‍ററാക്കിയതെന്ന് വാസന്‍ പറഞ്ഞു. എല്ലാ തീരുമാനങ്ങളും കോലിയും ശാസ്ത്രിയും എടുക്കുന്നത് അവസാനിപ്പിക്കുക എന്നതായിരുന്നു ധോണിയുടെ നിയമനത്തിന്‍റെ ലക്ഷ്യം.

കാരണം, ടീം സെലക്ഷനിലും ആരൊക്ക കളിക്കണം, ആരൊക്കെ കളിക്കണ്ട തുടങ്ങിയ എല്ലാ കാര്യങ്ങളിലും ശാസ്ത്രിയുടെയും കോലിയുടെയുമായിരുന്നു അവസാന വാക്ക്. അവര്‍ ഇരുവരുമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇവരുടെ സര്‍വാധിപത്യത്തില്‍ ടീമിലെ സന്തുലനം നഷ്ടമാവാതിരിക്കാന്‍ കഴിയുന്ന ഒരാളെ നിയമിക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ലോകകപ്പില്‍ അത് അവര്‍ക്ക് ഒരുപാട് പ്രശ്നങ്ങളുണ്ടാക്കി എന്നാണ് ഞാന്‍ കരുതുന്നത്.

വിരാട് കോലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റി രോഹിത് ശര്‍മയെ നായകനായി തെരഞ്ഞെടുത്തതില്‍ ബിസിസിഐയും സെലക്ടര്‍മാരും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വാസന്‍ പറഞ്ഞു. ഇന്ത്യയില്‍ കുറെക്കാലം ക്രിക്കറ്റ് കളിച്ചു കഴിയുമ്പോള്‍ കളിക്കാര്‍ ദൈവതുല്യരാകും. അതുകൊണ്ടുതന്നെ ബിസിസിഐയില്‍ നിന്ന് അവര്‍ അതിനനുസരിച്ചുള്ള പരിഗണന പ്രതീക്ഷിക്കുകയും ചെയ്യും. അതാണ് യഥാര്‍ത്ഥ കുഴപ്പം. അതാണ് മാറേണ്ടത്.

ബിസിസിഐയുമായി ഒത്തുപോകാനാവുന്നില്ലെങ്കില്‍ മറ്റ് അവസരങ്ങള്‍ നോക്കുകയാണ് നല്ലത്. അതുപോലെ കളിക്കാരും തങ്ങളെ സംഘടന കൈവിട്ടുവെന്ന കരുതേണ്ട കാര്യമില്ല. കാരണം, ബിസിസിഐയില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കരുത്, കാരണം, നിങ്ങളുടെ ചുമലില്‍ ഉത്തരവാദിത്വം വെച്ചു തന്നാല്‍ അത് ചുമക്കുക എന്നതാണ് നിങ്ങളുടെ ജോലിയെന്നും അതുല്‍ വാസന്‍ ദേശീയ ചാനലില്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.