ടി20 ലോകകപ്പില്‍ നിന്ന് പിന്മാറുമെന്ന പാകിസ്ഥാന്റെ ഭീഷണിയെ പരിഹസിച്ച് ഐസ്‌ലന്‍ഡ് ക്രിക്കറ്റ് രംഗത്തെത്തി. പാകിസ്ഥാന്‍ കളിക്കുന്നില്ലെങ്കില്‍ പകരം തങ്ങള്‍ തയ്യാറാണെന്ന് അവര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

ദുബായ്: വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പരിഹസിച്ച് ഐസ്ലന്‍ഡ് ക്രിക്കറ്റ്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതും, തുടര്‍ന്ന് ഐസിസിക്കെതിരെ പാകിസ്ഥാന്‍ ഉന്നയിച്ച വിമര്‍ശനങ്ങളുമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്. പിന്മാറിയ ബംഗ്ലാദേശിന് പകരം സ്‌കോട്ട്ലന്‍ഡിനെ ഉള്‍പ്പെടുത്തിയ ഐസിസി നടപടിയെ പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് പാകിസ്ഥാനും ബഹിഷ്‌കരിക്കുമെന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ വന്നു.

ഇതോടെയാണ് പിസിബിയെ പരിഹസിച്ച് ഐസ്ലന്‍ഡ് ക്രിക്കറ്റ് രംഗത്ത് വന്നത്. പാകിസ്ഥാന്‍ പിന്മാറുകയാണെങ്കില്‍ പകരം കളിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നാണ് ഐസ്ലന്‍ഡ് ക്രിക്കറ്റ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചിട്ടു. ''ലോകകപ്പിലെ പങ്കാളിത്ത കാര്യത്തില്‍ പാകിസ്ഥാന്‍ എത്രയും വേഗം ഒരു തീരുമാനമെടുക്കണം. ഫെബ്രുവരി രണ്ടാം തീയതി അവര്‍ പിന്മാറുകയാണെങ്കില്‍ ഉടന്‍ തന്നെ വിമാനം കയറാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ഫെബ്രുവരി ഏഴിന് കൊളംബോയില്‍ എത്തുക എന്നത് വിമാന ഷെഡ്യൂളുകള്‍ കാരണം വലിയൊരു വെല്ലുവിളിയാണ്. ഞങ്ങളുടെ ഓപ്പണിംഗ് ബാറ്റര്‍ക്ക് ഉറക്കമില്ലായ്മയുടെ പ്രശ്‌നവുമുണ്ട്.'' - ഐസ്ലന്‍ഡ് ക്രിക്കറ്റ് തമാശരൂപേണ കുറിച്ചു.

Scroll to load tweet…

പാകിസ്ഥാന്റെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയായ ശ്രീലങ്കയില്‍ നടത്തുമ്പോള്‍ ബംഗ്ലാദേശിന് മാത്രം എന്തുകൊണ്ട് ആ ആനുകൂല്യം നല്‍കുന്നില്ല എന്നതായിരുന്നു നഖ്വിയുടെ ചോദ്യം. എന്നാല്‍ ബംഗ്ലാദേശിന് ഇന്ത്യയില്‍ സുരക്ഷാ ഭീഷണിയൊന്നുമില്ലെന്ന് സ്വതന്ത്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയതായാണ് ഐസിസിയുടെ നിലപാട്. മാത്രമല്ല, പാകിസ്ഥാന്‍ ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കി.

ഐസിസിയില്‍ നിന്ന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ വിഹിതം തടഞ്ഞുവെക്കുമെന്നായിരുന്നു ഐസിസി മുന്നറിയിപ്പ്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ വിദേശ താരങ്ങള്‍ക്ക് എന്‍ഒസി നല്‍കുന്നത് തടയാനും സാധ്യതയുണ്ടായിരുന്നു. നിലവിലെ ഷെഡ്യൂള്‍ പ്രകാരം ഫെബ്രുവരി 15-ന് കൊളംബോയിലാണ് ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരാട്ടം നടക്കേണ്ടത്. പാകിസ്ഥാന്‍ ടൂര്‍ണമെന്റിനായി 15 അംഗ ടീമിനെ പ്രഖ്യാപിച്ചെങ്കിലും, അന്തിമ തീരുമാനം പാക് സര്‍ക്കാരിന്റേതായിരിക്കും.

YouTube video player