ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ തിളങ്ങിയാല്‍ ഒരുപിടി റെക്കോര്‍ഡുകളും കോലിയെ കാത്തിരിക്കുന്നുണ്ട്. മൂന്ന് മത്സര പരമ്പരയില്‍ 191 റണ്‍സ് കൂടി നേടാനായാല്‍ ഏകദിന ക്രിക്കറ്റില്‍ 13000 റണ്‍സ് തികക്കുന്ന അഞ്ചാമത്തെ മാത്രം ബാറ്ററെന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമാവും.

മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ നാളെ ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും വിരാട് കോലിയിലാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നെടുന്താണാവുക കോലിയകുമെന്നാണ് വിലയിരുത്തല്‍.

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ട് സെഞ്ചുറി നേടിയ വിരാട് കോലിക്ക് പക്ഷെ പിന്നാലെ നടന്ന ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങാനായിരുന്നില്ല. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റിലും നിറം മങ്ങിയ വിരാട് കോലി അഹമ്മദാബാദില്‍ നടന്ന നാലാം ടെസ്റ്റില്‍ സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു. അഹമ്മദാബാദ് ടെസ്റ്റില്‍ 186 റണ്‍സടിച്ച് കളിയിലെ താരമായ കോലി ഏകദിന പരമ്പരയിലും മികച്ച ഫോം തുടരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ തിളങ്ങിയാല്‍ ഒരുപിടി റെക്കോര്‍ഡുകളും കോലിയെ കാത്തിരിക്കുന്നുണ്ട്. മൂന്ന് മത്സര പരമ്പരയില്‍ 191 റണ്‍സ് കൂടി നേടാനായാല്‍ ഏകദിന ക്രിക്കറ്റില്‍ 13000 റണ്‍സ് തികക്കുന്ന അഞ്ചാമത്തെ മാത്രം ബാറ്ററെന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമാവും. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(18426), കുമാര്‍ സംഗക്കാര (14,234),റിക്കി പോണ്ടിംഗ് (13,704), സനത് ജയസൂര്യ (13,430) എന്നിവരാണ് കോലിക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

ഐപിഎല്ലില്‍ തിരിച്ചെത്തുമോ; വീണ്ടും വീണ്ടും തിരിച്ചുവരാന്‍ താന്‍ അഫ്രീദിയല്ലല്ലോയെന്ന് സുരേഷ് റെയ്ന-വീഡിയോ

പരമ്പരയില്‍ മൂന്ന് സെഞ്ചുറികള്‍ കൂടി നേടിയാല്‍ ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന സച്ചിന്‍റെ(49) റെക്കോര്‍ഡിനൊപ്പമെത്താനും കോലിക്ക് അവസരമുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബംഗ്ലാദേശിനെതിരെ സെഞ്ചുരി നേടിയ കോലി ഏകദിനങ്ങളില്‍ പിന്നീട് രണ്ട് സെഞ്ചുറികള്‍ കൂടി നേടിയിരുന്നു.

48 റണ്‍സ് കൂടി നേടിയാല്‍ നാട്ടില്‍ നടക്കുന്ന ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന താരങ്ങളുടെ പട്ടികയില്‍ റിക്കി പോണ്ടിംഗിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക് ഉയരാന്‍ കോലിക്കാവും. ഇന്ത്യയില്‍ കളിച്ച 107 മത്സരങ്ങളില്‍ 21 സെഞ്ചുറി അടക്കം 5358 റണ്‍സാണ് കോലിയുടെ നേട്ടം. ഓസ്ട്രേലിയയില്‍ കളിച്ച 153 മത്സരങ്ങളില്‍ 13 സെഞ്ചുറി അടക്കം പോണ്ടിംഗ് 5406 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യയില്‍ കളിച്ച 164 മത്സരങ്ങളില്‍ നിന്ന് 20 സെഞ്ചുറികള്‍ അടക്കം 6976 റണ്‍സടിച്ചിട്ടുള്ള സച്ചിനാണ് ഒന്നാമത്.

പരമ്പരയില്‍ ഒരു സെഞ്ചുറി കൂടി നേടിയാല്‍ ഓസ്ട്രേലിയക്കെതിരെ ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന സച്ചിന്‍റെ(9) റെക്കോര്‍ഡിനൊപ്പമെത്താനും കോലിക്കാവും. കോലിക്കും രോഹിത്തിനും ഓസ്ട്രേലിയക്കെതിരെ ഏകദിനങ്ങളില്‍ എട്ട് സെഞ്ചുറികള്‍ വീതമാണുള്ളത്.