ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി, മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി, രോഹിത് ശര്‍മ തുടങ്ങിയവരെ ട്വിറ്ററില്‍ ടാഗ് ചെയ്താണ് വോട്ട് ചെയ്യണമെന്നുള്ള അഹ്വാനം പ്രധാനമന്ത്രി നടത്തിയത്
ദില്ലി: രാജ്യത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരോട് അവരുടെ വോട്ടവകാശം രാജ്യത്തിനായി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി, മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി, രോഹിത് ശര്‍മ തുടങ്ങിയവരെ ട്വിറ്ററില്‍ ടാഗ് ചെയ്താണ് വോട്ട് ചെയ്യണമെന്നുള്ള അഹ്വാനം പ്രധാനമന്ത്രി നടത്തിയത്.
എന്നാല്‍, ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വിരാട് കോലിക്ക് വോട്ട് ചെയ്യാനാകില്ല. വോട്ട് ചെയ്യണമെന്ന് വിരാട് കോലി ആഗ്രഹിച്ചിരുന്നെങ്കിലും അത് സാധിക്കില്ലെന്ന് ഉറപ്പാവുകയായിരുന്നു. ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മയ്ക്ക് വോട്ടുള്ള മുംബെെയില്‍ തന്നെ വോട്ട് ചെയ്യാനാണ് വിരാട് കോലി തീരുമാനിച്ചിരുന്നത്.
ഇതിനായി ഓണ്‍ലെെനായി നടപടിക്രമങ്ങള്‍ മുന്നോട്ട് കൊണ്ട് പോയെങ്കിലും അപ്പോഴേക്കും സമയം അവസാനിക്കുകയായിരുന്നു. ഐഡി കാര്‍ഡ് ഇല്ലാത്തവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്കും അവ ചെയ്യാനായി മാര്‍ച്ച് 30വരെയാണ് അവസരമുണ്ടായിരുന്നത്.
എന്നാല്‍, കോലിക്ക് ആ സമയത്തിന് മുമ്പ് അപേക്ഷിക്കാനായില്ല. കോലിയുടെ അപേക്ഷ ലഭിച്ചെങ്കിലും ഇപ്പോള്‍ അത് പരിഗണക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ അറിയിച്ചു. സമയം അതിക്രമിച്ചതിനാല്‍ ഈ ലോക്സഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ സാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
