Asianet News MalayalamAsianet News Malayalam

വിരാട് കോലിയുടെ കാര്യത്തില്‍ ആധിയുണ്ട്! ബാല്യകാല കോച്ചും താരത്തെ കയ്യൊഴിയുന്നുവോ?

നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും കോലിക്ക് ആത്മവിശ്വാസം നല്‍കിയിരുന്നു. ഏഷ്യാകപ്പില്‍ കോലി ഫോമിലെത്തുമെന്നാണ് ഗാംഗുലി പറഞ്ഞത്.

Virat Kohli childhood coach on his current form and more
Author
New Delhi, First Published Aug 17, 2022, 4:01 PM IST

ദില്ലി: ഇന്ത്യ ഏഷ്യാകപ്പിനൊരുങ്ങുമ്പോള്‍ എല്ലാ കണ്ണുകളും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയിലാണ്. ഫോമിലായില്ലെങ്കില്‍ വരുന്ന ടി20 ലോകകപ്പില്‍ പോലും കോലിയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെടും. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് കോലി ടീമിലേക്ക് തിരിച്ചെത്തുന്നത്. ഇടവേളയെടുത്തത് ഗുണം ചെയ്യുമെന്നും കോലി ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ കോലിയുടെ ഫോമിന്റ കാര്യത്തില്‍ അദ്ദേഹത്തിന്റെ ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മയ്ക്ക് ചില സംശയങ്ങളുണ്ട്. കോലി ഈ വര്‍ഷം വളരെ കുറച്ച് ടി20 മത്സരങ്ങള്‍ മാത്രമാണ് കളിച്ചതെന്നാണ് രാജ്കുമാര്‍ പറയുന്നത്. അദ്ദേഹം വിവരിക്കുന്നതിങ്ങനെ... ''കോലിയുടെ കാര്യത്തില്‍ എനിക്ക് നേരിയ ആധിയുണ്ട്. കാരണം, അദ്ദേഹം ഈ വര്‍ഷം ഏറെ ടി20 മത്സരങ്ങള്‍ കളിച്ചിട്ടില്ല. എന്നാല്‍ ആവശ്യത്തിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടാകുമെന്നാണ് ഞാന്‍ കണക്കുകൂട്ടുന്നത്. ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തുന്നത് കോലിക്ക് ഗുണം ചെയ്യും.'' രാജ്കുമാര്‍ പറഞ്ഞു.

സിംബാബ്‌വെക്കെതിരെ ഇഷാനില്ല, സഞ്ജു കളിക്കും! വെടിക്കെട്ട് ബാറ്റര്‍ അരങ്ങേറും- സാധ്യതാ ഇലവന്‍

''നമ്മള്‍ക്കെല്ലാവര്‍ക്കുമറിയാം കോലി മഹാനായ താരമാണെന്ന്. എങ്ങനെ സ്‌കോര്‍ ചെയ്യണമെന്നുള്ളത് കോലി മുമ്പും കാണിച്ചുതന്നിട്ടുള്ളതാണ്. ടീമിന്റെ സാഹചര്യത്തിനൊത്ത് കളിക്കാന്‍ കോലിക്കറിയാം. അവന്‍ തീര്‍ച്ചയായും ഫോമിലേക്ക് തിരിച്ചെത്തും. കാരണം കോലി ചിന്തിക്കുന്ന ക്രിക്കറ്ററാണ്. ചെറിയ സ്‌കോറുകള്‍ വലുതാക്കി മാറ്റാന്‍ അവന് സാധിക്കാറുണ്ട്. എന്നാല്‍ അടുത്തകാലത്ത് ചെറിയ ശ്രദ്ധകുറവുണ്ടായി. അതിനെ മറികടക്കാന്‍ കോലിക്ക് സാധിക്കും.'' രാജ്കുമാര്‍ വ്യക്തമാക്കി.

നേരത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും കോലിക്ക് ആത്മവിശ്വാസം നല്‍കിയിരുന്നു. ഏഷ്യാകപ്പില്‍ കോലി ഫോമിലെത്തുമെന്നാണ് ഗാംഗുലി പറഞ്ഞത്. ''കോലി പരിശീലനം നടത്തട്ടേ, മത്സരങ്ങള്‍ കളിക്കട്ടേ. ടീമിനായി ഏറെ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ള വമ്പന്‍ താരമാണ് കോലി. അദ്ദേഹം ശക്തമായി തിരിച്ചെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഏഷ്യ കപ്പില്‍ താരം ഫോം കണ്ടെത്തുമെന്ന് കരുതുന്നു.'' ഗാംഗുലി പറഞ്ഞു. 

രണ്ട് കാര്യങ്ങള്‍ പരിശീലകനായിരിക്കേ രവി ശാസ്ത്രി ഇഷ്‍ടപ്പെട്ടിരുന്നില്ല; വെളിപ്പെടുത്തി ദിനേശ് കാർത്തിക്

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്ണോയി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍. സ്റ്റാന്‍ഡ്ബൈ: ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, ദീപക് ചാഹര്‍. 

Follow Us:
Download App:
  • android
  • ios