ദില്ലി: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്‌മാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോ അതോ ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്‌മിത്തോ. ക്രിക്കറ്റ് വേദികളില്‍ ഈ ചര്‍ച്ച തുടങ്ങിയിട്ട് കുറച്ച് വര്‍ഷങ്ങളായി. സ്‌മിത്തിന്‍റെ മികവ് ടെസ്റ്റില്‍ മാത്രമാണെന്നും എന്നാല്‍ കോലി എല്ലാ ഫോര്‍മാറ്റിലും മുന്നിട്ടുനില്‍ക്കുന്നതായും വാദമുണ്ട്. ഇക്കാര്യത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

 

സ്റ്റീവ് സ്‌മിത്തിനേക്കാള്‍ മികച്ച ബാറ്റ്‌സ്‌മാന്‍ വിരാട് കോലിയാണെന്ന് ഗൗതം ഗംഭീര്‍ പറയുന്നു. ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്‌ക്ക് മുന്നോടിയായാണ് ഗംഭീറിന്റെ പ്രതികരണം. 'വെള്ള പന്ത് ഉപയോഗിച്ചുള്ള ക്രിക്കറ്റിൽ സ്‌മിത്തിനെക്കാൾ വളരെ ഉയരത്തിലാണ് കോലിയുടെ സ്ഥാനം. അതിനാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇരുവരെയും താരതമ്യം ചെയ്യാനാവില്ല. കോലിയുടെ പേരിനൊപ്പമുള്ള സെഞ്ചുറികളും റൺസും ഇത് തെളിയിക്കുന്നുവെന്നും' ഗംഭീർ പറഞ്ഞു. 

ഓസീസിന് വെല്ലുവിളി ബുമ്രയും ഷമിയും

ഇന്ത്യക്കെതിരെ ഏകദിന പരമ്പരയില്‍ സ്റ്റീവ് സ്‌മിത്ത് ഏത് ബാറ്റിംഗ് പൊസിഷനില്‍ ഇറങ്ങും എന്നതിനായി കാത്തിരിക്കുന്നതായും ഇന്ത്യന്‍ മുന്‍ താരം പറഞ്ഞു. 'സ്‌മിത്തിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളുമോ, അതോ മൂന്നാം നമ്പറില്‍ തന്നെ നിലനിന്ന്, മാര്‍നസ് ലബുഷെയ്ന്‍ നാലാം സ്ഥാനത്തിറങ്ങുമോ'. ഇന്ത്യയില്‍ ഏകദിന അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്ന ലബുഷെയ്‌ന്‍ പരമ്പരയില്‍ ഓസീസിന്റെ വജ്രായുധമായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഇത്തവണത്തെ പരമ്പരയിൽ ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് ഷമിയുമായിരിക്കും ഓസീസിന് ഏറ്റവും വലിയ വെല്ലുവിളി ആവുകയെന്നും ഗംഭീർ പ്രവചിക്കുന്നു. 'ഫ്ലാറ്റ് വിക്കറ്റില്‍ നന്നായി കളിക്കുന്ന ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും അടങ്ങുന്ന വമ്പന്‍മാര്‍ക്കെതിരെ ഇരുവരും പന്തെറിയുന്നത് കാണാന്‍ കാത്തിരിക്കുന്നു. ബുമ്രക്കും ഷമിക്കും മികച്ച പേസ് ലഭിക്കുന്നത് ആനുകൂല്യമാണ്. പേസും വായുവിലെ മൂവ്‌മെന്‍റും വിക്കറ്റ് ലഭിക്കാന്‍ ഷമിക്കും ബുമ്രക്കും സഹായകമാകുന്നതായും' ഗംഭീര്‍ വ്യക്തമാക്കി.