ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ടി20 മഴനിയമപ്രകാരം 22 റണ്‍സിന് ജയിച്ച് ഇന്ത്യന്‍ ടീം പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ ടി20യില്‍ അരങ്ങേറ്റക്കാരന്‍ നവ്‌ദീപ് സൈനിയാണ് താരമായതെങ്കില്‍ രണ്ടാം മത്സരത്തില്‍ വാഷിംഗ്‌ടണ്‍ സുന്ദര്‍ എന്ന 19കാരനിലാണ് ആരാധകശ്രദ്ധ പതിഞ്ഞത്. 

മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ താരം 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് സുനില്‍ നരെയ്‌നെ പുറത്താക്കി. മത്സരശേഷം വാഷിംഗ്‌ടണിനെ പ്രശംസിക്കുന്ന വാക്കുകളാണ് ടീം നായകന്‍ വിരാട് കോലി പങ്കുവെച്ചത്. 'നന്നായി ഹിറ്റ് ചെയ്യുന്ന വിന്‍ഡീസ് താരങ്ങള്‍ക്കെതിരെ പുതിയ പന്തില്‍ മിന്നും പ്രകടനമാണ് സുന്ദര്‍ കാഴ്‌ചവെച്ചത്. സുന്ദറിന്‍റെ പ്രകടനം ഇന്ത്യക്ക് നിര്‍ണായകമാകുമെന്നും' കോലി പറഞ്ഞു. 

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യില്‍ 22 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിന്റെ സ്‌കോര്‍ 15.3 ഓവറില്‍ നാലിന് 98 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. പിന്നാലെ ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചു. രോഹിത് ശര്‍മയുടെ (67) അര്‍ധ സെഞ്ചുറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.