പുരോഗമിച്ചുകൊണ്ടിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ വിരാട് കോലി ടീമിലില്ല. സിംബാബ്‌വെ പര്യടനത്തിലും കോലി ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
മുംബൈ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയില്‍(India Tour of Zimbabwe 2022) ഇന്ത്യന്‍ ടീമിലേക്ക്(Indian National Cricket Team) വിരാട് കോലി(Virat Kohli) തിരിച്ചെത്തും എന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും സെലക്‌ടര്‍മാര്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ മുന്‍ നായകന്‍റെ പേരുണ്ടായിരുന്നില്ല. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കിംഗ് കോലി എപ്പോള്‍ മടങ്ങിയെത്തും? ഇക്കാര്യം കോലി സെലക്‌ടമാരുമായി സംസാരിച്ചിട്ടുണ്ട് എന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്.
'ഏഷ്യാ കപ്പ് മുതല്‍ ലഭ്യമാണെന്ന് വിരാട് കോലി സെലക്‌ടര്‍മാരെ അറിയിച്ചിട്ടുണ്ട്. ഫസ്റ്റ് ടീം താരങ്ങള്‍ക്ക് ഏഷ്യാ കപ്പ് മുതല്‍ ടി20 ലോകകപ്പിന്‍റെ അവസാനം വരെ വിശ്രമം ലഭിക്കാനുള്ള സാധ്യത ഏറെ വിരളമാണ്. അതിനാല്‍ താരങ്ങള്‍ക്ക് വിശ്രമിക്കാൻ കഴിയുന്ന രണ്ടാഴ്ചത്തെ സമയമാണിത്' എന്നും ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു. വിരാട് കോലി ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ല. നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ കോലി ടീമിലില്ല. സിംബാബ്‌വെ പര്യടനത്തിലും വിരാട് കോലി ടീമില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ അതിന് ശേഷം ഏഷ്യാ കപ്പാണ് ഇന്ത്യക്ക് വരാനിരിക്കുന്ന ടൂര്‍ണമെന്‍റ്.
സിംബാബ്‌വെക്കെതിരെ സ്‌ക്വാഡിനെ ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ ശനിയാഴ്‌ചയാണ് പ്രഖ്യാപിച്ചത്. കെ എല്‍ രാഹുലിനെ പരിക്കുമൂലം പരിഗണിക്കാതിരുന്നപ്പോള്‍ ക്യാപ്റ്റൻ രോഹിത് ശർമ്മ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങിയവർക്ക് വിശ്രമം നൽകി. ശിഖര്‍ ധവാനാണ് സിംബാബ്‌വെയിലും ഇന്ത്യന്‍ നായകന്‍. ഓഗസ്റ്റ് 18, 20, 22 തീയതികളിലാണ് മൂന്ന് ഏകദിന മത്സരങ്ങള്‍. ഇതിന് ശേഷമാണ് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റ് യുഎഇയില്‍ തുടങ്ങുക. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ഏഷ്യാ കപ്പ്. ഒക്ടോബറിലെ ടി20 ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ പരമ്പരകളും ടീം ഇന്ത്യക്കുണ്ട്.
സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), വാഷിംഗ്‌ടണ്‍ സുന്ദര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്‌ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.
ഏഷ്യാ കപ്പ് സ്‌ക്വാഡ് തന്നെ ടി20 ലോകകപ്പിന്? ഇടംപിടിക്കുമോ സഞ്ജു സാംസണ്‍
