ചില നേട്ടങ്ങള്‍ക്കരികെയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഏകദിന ഫോര്‍മാറ്റില്‍ 13,000 റണ്‍സ് ക്ലബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാവാന്‍ കോലിക്ക് അവസരമുണ്ട്.

കാന്‍ഡി: ഏഷ്യാ കപ്പില്‍ നാളെ വലിയ മത്സരത്തിനൊരുങ്ങുകയാണ് ടീം ഇന്ത്യ. പരമ്പരാഗത ശത്രുക്കളായ പാകിസ്ഥാനെയാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ നേരിടുന്നത്. ഗ്രൂപ്പ് എയില്‍ പാകിസ്ഥാനെതിരെ ആദ്യ മത്സരം ജയിച്ചാണ് പാകിസ്ഥാന്‍ ഇറങ്ങുന്നത്. ഇന്ത്യയാവട്ടെ ഏകദിന ലോകകപ്പിന് മുമ്പ് ശരിയായ ടീം കോംപിനേഷന്‍ കണ്ടെത്താനുള്ള ശ്രമമാണ് നടന്നത്. പാക് പേസര്‍മാരും ഇന്ത്യന്‍ ബാറ്റര്‍മാരും തമ്മിലുള്ള മത്സരമായിരിക്കുമെന്ന് ഉറപ്പാണ്.

ഇതിനിടെ ചില നേട്ടങ്ങള്‍ക്കരികെയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഏകദിന ഫോര്‍മാറ്റില്‍ 13,000 റണ്‍സ് ക്ലബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാവാന്‍ കോലിക്ക് അവസരമുണ്ട്. 265 ഇന്നിംഗ്‌സില്‍ നിന്ന് 12,898 റണ്‍സാണ് കോലി നേടിയത്. രാജ്യാന്തര ക്രിക്കറ്റില്‍ 26,000 റണ്‍സ് തികയ്ക്കാന്‍ 418 റണ്‍സ് കൂടി മതി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ താരമാകാനും കോലിക്ക് അവസരമുണ്ട്. സച്ചിന്‍ (34,357), കുമാര്‍ സംഗക്കാര (28,016), റിക്കി പോണ്ടിംഗ് (27,483), മഹേല ജയവര്‍ധനെ (25,957) എന്നിവര്‍ക്ക് പിന്നിലാണ് കോലി (25,582).

അതേസമയം, ഏഷ്യാ കപ്പിലെ ടോപ് റണ്‍വേട്ടക്കാരില്‍ കോലി 12-ാം സ്ഥാനത്താണ്. 11 മത്സരങ്ങളില്‍ 613 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 2018 ഏഷ്യാ കപ്പില്‍ കളിച്ചില്ലെന്നുള്ളത് അതിനൊരു പ്രധാന കാരണമാണ്. 25 ഏകദിനങ്ങളില്‍ നിന്ന് 1,220 റണ്‍സ് നേടിയിട്ടുള്ള ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം സനത് ജയസൂര്യയാണ് ഒന്നാമന്‍. സംഗക്കാര, സച്ചിന്‍ (971) എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍. ഏഷ്യാ കപ്പില്‍ 61.30 ശരാശരിയുള്ള കോലി ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരമാണ്. മൂന്ന് സെഞ്ചുറികളാണ് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍. ഇക്കാര്യത്തില്‍ ജയസൂര്യ തന്നെയാണ് ഒന്നാമന്‍.

ഏഷ്യാ കപ്പ് ടീമുകളുടെ ജഴ്‌സിയില്‍ പാകിസ്ഥാന്റെ പേരില്ല; പിന്നില്‍ ജയ് ഷായുടെ കളിയെന്ന് മുന്‍ താരം