മുംബൈ: സ്വയം വിമര്‍ശിച്ച് വിരാട് കോലി. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിന് ശേഷമാണ് താരം സ്വയം വിമര്‍ശനം നടത്തിയത്. ബാറ്റിങ് ഓര്‍ഡറില്‍ നാലാം സ്ഥാനത്തേക്ക് ഇറങ്ങി കളിക്കാനുള്ള തീരുമാനത്തെ കുറിച്ചാണ് കോലി മത്സരശേഷം പറഞ്ഞത്. ആ തീരുമാനം ശരിയായില്ലെന്ന രീതിയിലായിരുന്നു കോലിയുടെ സംസാരം.

എന്റെ ബാറ്റിങ് സ്ഥാനത്തെ കുറിച്ച് മുമ്പും ഒരുപാട് തവണ ചര്‍ച്ച ചെയ്തിരുന്നുവെന്ന് കോലി പറഞ്ഞു. ക്യാപ്റ്റന്‍ തുടര്‍ന്നു... ''ഞങ്ങള്‍ ചിത്രത്തില്‍ ഇ്ല്ലാത്ത ദിവസമായിരുന്നു ഇന്നത്തേത്. എന്റെ ബാറ്റിങ് സ്ഥാനത്തെ കുറിച്ച് മുമ്പും ഒരുപാട് തവണം ചര്‍ച്ച ചെയ്തിരുന്നു. കെ എല്‍ രാഹുല്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. സ്വഭാവികമായും അദ്ദേഹത്തെയും ടീമില്‍ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുക. 

എന്നാല്‍ ഞാന്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴോട്ട് ഇറങ്ങിയത് ടീമിന് ഗുണം ചെയ്തില്ല. ഞാന്‍ ഏതൊക്കെ സമയത്ത് നാലാം നമ്പറില്‍ ഇറങ്ങിയിട്ടുണ്ടോ അപ്പോഴൊക്കെ കാര്യങ്ങള്‍ ഞങ്ങള്‍ക്ക് എതിരായിട്ടാണ് സംഭവിച്ചിട്ടുള്ളത്. എന്നാല്‍ മറ്റുള്ള താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന്റെകൂടി ഭാഗമായിരുന്നത്. ഈ ഒരൊറ്റ മത്സരം ടീമിനെ കുറിച്ച് ആരാധകര്‍ ആശങ്ക പെടരുത്. ഓസ്‌ട്രേലിയ മികച്ച പ്രകടനം പുറത്തെടുത്തു. എല്ലാ വകുപ്പിലും അവര്‍ ഇന്ത്യയേക്കാള്‍ ഒരുപടി മുന്നിലായിരുന്നു.'' കോലി പറഞ്ഞുനിര്‍ത്തി.