ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 28 റണ്‍സ് കൂടി നേടിയാല്‍ ട്വന്റി 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമാവും. ടി20 ലോകകപ്പില്‍ മാത്രം കോലിക്ക് ഇപ്പോള്‍ 989 റണ്‍സാണുള്ളത്. 2012 ടി20 ലോകകപ്പിലാണ് കോലി ആദ്യമായി കളിക്കുന്നത്.
പെര്‍ത്ത്: ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് മുന്‍ ഇന്ത്യന്‍ താരം വിരാട് കോലി. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരേയും രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരേയും കോലി അര്‍ധ സെഞ്ചുറികള്‍ നേടിയിരുന്നു. രണ്ട് മത്സരങ്ങളില്‍ 144 റണ്‍സാണ് കോലി നേടിയത്. ഈ ലോകകപ്പില്‍ ഇതുവരെ കോലിയെ പുറത്താക്കാന്‍ എതിര്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിട്ടില്ല. രണ്ട് മത്സരങ്ങളിലും ഇന്ത്യ ജയിച്ചപ്പോള്‍ കോലിയുടെ സംഭാവന നിര്‍ണായകമായിരുന്നു. പാകിസ്ഥാനെതിരെ പ്ലയര്‍ ഓഫ് ദ മാച്ചും കോലിയായിരുന്നു. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം മത്സരത്തിനിറങ്ങുമ്പോള്‍ മറ്റൊരു റെക്കോര്‍ഡിനരികെയാണ് കോലി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 28 റണ്‍സ് കൂടി നേടിയാല്‍ ട്വന്റി 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമാവും. ടി20 ലോകകപ്പില്‍ മാത്രം കോലിക്ക് ഇപ്പോള്‍ 989 റണ്‍സാണുള്ളത്. 2012 ടി20 ലോകകപ്പിലാണ് കോലി ആദ്യമായി കളിക്കുന്നത്. 23 കളിയിലെ 21 ഇന്നിംഗ്‌സില്‍ നിന്നാണ് കോലി 989 റണ്‍സെടുത്തത്. 31 ഇന്നിംഗ്‌സില്‍ 1016 റണ്‍സെടുത്ത ശ്രീലങ്കയുടെ മഹേല ജയവര്‍ധനെയാണ് നിലവില്‍ ട്വന്റി 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതാരം. 965 റണ്‍സുള്ള ക്രിസ് ഗെയിലാണ് മൂന്നാം സ്ഥാനത്ത്. 904 റണ്‍സുമായി രോഹിത് ശര്‍മ നാലാം സ്ഥാനത്തുണ്ട്.
ഇന്ത്യക്കായി ടി20 ലോകകപ്പില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമാവാനുള്ള അവസരം കൂടി കോലിക്കുണ്ട്. 11 റണ്‍സ് കൂടി നേടിയാല്‍ കോലിക്ക് മാന്ത്രിക സംഖ്യയിലെത്താം. ടി20 ലോകകപ്പില്‍ 89.90 ശരാശരിയിലാണ് കോലി റണ്‍സ് കണ്ടെത്തുന്നത്. 12 അര്‍ധ സെഞ്ചുറികളും കോലിയുടെ അക്കൗണ്ടിലുണ്ട്.
അതേസമയം, ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ലോകകപ്പുകളില്‍ 1000 തികയ്ക്കാനുള്ള അവസരമുണ്ട്. 96 റണ്‍സാണ് രോഹിത്തിന് ഇനി വേണ്ടത്. 35 മത്സരങ്ങളില്‍ 904 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്.
