സിഡ്നി:സമകാലീന ക്രിക്കറ്റിലെ സമാനതകളില്ലാത്ത പ്രതിഭാസങ്ങളാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും. ഇവരില്‍ ആരാണ് കേമനെന്ന ചോദ്യം ഒരിക്കലും അവസാനിക്കാറുമില്ല.

ഏകദിനത്തിലും ടി20യിലും കോലിയാണ് കേമനെന്ന് നിസംശയം പറയുന്നവര്‍ പോലുും ടെസ്റ്റിന്റെ കാര്യമെത്തിയാല്‍ ഒന്ന് ആലോചിക്കും. കാരണം പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം ആഷസ് പരമ്പരയിലൂടെ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ സ്മിത്തിന്റെ അസാമാന്യ പ്രകടനങ്ങള്‍ തന്നെ. ബുഷ് ഫയര്‍ ക്രിക്കറ്റ് ബാഷിനായി ഓസ്ട്രേലിയയിലെത്തിയ സച്ചിനുമുന്നിലും ഇതേ ചോദ്യമെത്തി.

സച്ചിന്‍ നല്‍കിയ മറുപടിയാകട്ടെ ഇതായിരുന്നു. രണ്ട് കളിക്കാരെയും താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. അവര്‍ രണ്ടുപേരുടെയും കളി ആസ്വദിക്കുകയാണ് വേണ്ടത്. അവര്‍ ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ എന്റര്‍ടെയിന്‍ ചെയ്യുന്നു. അത് ആസ്വദിക്കു. കളിക്കാരെ താരതമ്യം ചെയ്യുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. കരിയറില്‍ എന്നെയും പലരുമായും താരതമ്യം ചെയ്തിട്ടുണ്ട്. അവരോടെല്ലാം ഞാന്‍ പറഞ്ഞിട്ടുള്ളത് എന്നെ വെറുതെ വിടൂ എന്നായിരുന്നു-സച്ചിന്‍ പറഞ്ഞു.

ഓസീസ് ബാറ്റ്സ്മാന്‍ മാര്‍നസ് ലാബുഷെയ്നിന്റെ പ്രകടനത്തെയും സച്ചിന്‍ അഭിനന്ദിച്ചു. ലാബുഷെയ്നിന്റെ ഫൂട്ട്‌വര്‍ക്ക് തന്റെ ഫൂട്ട്‌വര്‍ക്കിനെ അനുസ്മരിപ്പിക്കുന്നുവെന്നും സച്ചിന്‍ പറഞ്ഞു. ഓസ്ട്രേലിയയിലെ കാട്ടു തീ കാരണം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി നടത്തുന്ന പോണ്ടിംഗ് ഇലവനും ഗില്‍ക്രിസ്റ്റ് ഇലവനും തമ്മിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. പോണ്ടിംഗ് ഇലവനിലാണ് സച്ചിന്‍ കളിക്കുന്നത്. ഞായറാഴ്ചയാണ് മത്സരം.