Asianet News MalayalamAsianet News Malayalam

രണ്ട് നേട്ടങ്ങള്‍, കോലി പിന്തള്ളിയത് സച്ചിനെ! നേട്ടങ്ങളുടെ നെറുകയില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍

ഏകദിന കരിയറില്‍ 46 സെഞ്ചുറികള്‍ കോലി പൂര്‍ത്തിയാക്കി. പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ പ്ലയര്‍ ഓഫ് ദ സീരീസ് പുരസ്‌കാരം കോലിയെ തേടിയെത്തി. അതൊടൊപ്പം ഇന്നത്തെ മത്സരത്തിലെ താരവും കോലിയായിരുന്നു.

Virat Kohli pips Sachin Tendulkar after century against Sri Lanka
Author
First Published Jan 15, 2023, 10:16 PM IST

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം സെഞ്ചുറിയാണ് വിരാട് കോലി നേടിയത്. ഗുവാഹത്തിയില്‍ നടന്ന ആദ്യ ഏകദിനത്തിലും താരം സെഞ്ചുറി നേടിയിരുന്നു. അന്ന് 87 പന്തുകള്‍ നേരിട്ട കോലി ഒരു സിക്സും 12 ഫോറും ഉള്‍പ്പെടെ 113 റണ്‍സ് നേടിയിരുന്നു. ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 110 പന്തില്‍ പുത്താവാതെ 166 റണ്‍സും കോലി നേടി. ഇതോടെ ഏകദിന കരിയറില്‍ 46 സെഞ്ചുറികള്‍ കോലി പൂര്‍ത്തിയാക്കി. പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെ പ്ലയര്‍ ഓഫ് ദ സീരീസ് പുരസ്‌കാരം കോലിയെ തേടിയെത്തി. അതൊടൊപ്പം ഇന്നത്തെ മത്സരത്തിലെ താരവും കോലിയായിരുന്നു.

മറ്റുചില റെക്കോര്‍ഡുകളും കോലിയെ തേടിയെത്തി. രണ്ട് നേട്ടങ്ങളില്‍ കോലി, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പിന്തള്ളി. ശ്രീലങ്കയ്ക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ കാര്യത്തില്‍ സച്ചിന്‍, കോലിക്ക് പിന്നിലായി. ലങ്കയ്‌ക്കെതിരെ പത്താം സെഞ്ചുറിയാണ് കോലി ഇന്ന് നേടിയത്. സച്ചിന്‍ ഒമ്പത് സെഞ്ചുറിയാണുള്ളത്. ഏതെങ്കിലും ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡും കോലിയുടെ പേരിലായി. 

സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡിലും കോലി സച്ചിന്റെ മുന്നിലായി. ഇന്ത്യയില്‍ സച്ചിന് 20 സെഞ്ചുറികളാണ് ഉണ്ടായിരുന്നത്. ഇന്നത്തെ സെഞ്ചുറിയോടെ കോലി, സച്ചിനെ മറികടന്നു. കോലിയുടെ അക്കൗണ്ടില്‍ ഇന്ത്യയില്‍ മാത്രം 21 സെഞ്ചുറികള്‍. കോലിക്ക് 101 ഇന്നിംഗ്സുകള്‍ മാത്രമാണ് ഇത്രയും സെഞ്ചുറികള്‍ നേടാന്‍ വേണ്ടിവന്നത്. സച്ചിനാവാട്ടെ 160 ഇന്നിംഗ്സുകള്‍ വേണ്ടിവന്നു. ഇക്കാര്യത്തില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം ആംലയും മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും രണ്ടാമതുണ്ട്. 14 സെഞ്ചുറികള്‍ വീതം ആംലയും പോണ്ടിംഗും സ്വന്തം നാട്ടില്‍ നേടി.

മൂന്ന് സെഞ്ചുറികള്‍ കൂടി നേടിയാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമാവും. 49 സെഞ്ചുറികളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുന്നില്‍. അതേസമയം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ സെഞ്ചുറിയെന്ന നേട്ടം ശുഭ്മാന്‍ ഗില്ലിന്റെ (116) പേരിലായി. എന്നാല്‍ സ്റ്റേഡിയത്തിലെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടം ഇന്നത്തെ പ്രകടനത്തോടെ കോലിയുടെ പേരിലുമായി. ഗില്‍ രണ്ടാമതും. 2018 നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ രോഹിത് ശര്‍മ പുറത്താവാതെ നേടിയ 63 റണ്‍സാണ് മൂന്നാമത്.

ശ്രീലങ്കയ്‌ക്കെതിരായ ഹിമാലന്‍ വിജയം! രോഹിത് ശര്‍മയ്ക്കും സംഘത്തിനും പടുകൂറ്റന്‍ റെക്കോര്‍ഡ്

Follow Us:
Download App:
  • android
  • ios