35 പന്തുകൾ നേരിട്ട കോലി 3 ബൗണ്ടറികൾ സഹിതം 43 റൺസ് നേടിയാണ് മടങ്ങിയത്. 

അഹമ്മദാബാദ്: ഐപിഎൽ കലാശപ്പോരാട്ടത്തിലെ മെല്ലെ പോക്കിന് പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ സൂപ്പര്‍ താരം വിരാട് കോലിയ്ക്ക് വിമര്‍ശനം. പരമാവധി മുതലാക്കേണ്ടിയിരുന്ന പവര്‍ പ്ലേയിൽ ഉൾപ്പെടെ കോലി ബൗണ്ടറിക്ക് ശ്രമിച്ചില്ലെന്നാണ് ആര്‍സിബി ആരാധകര്‍ പറയുന്നത്. പവര്‍ പ്ലേയിൽ 10 പന്തുകൾ നേരിട്ട കോലി ഒരു ബൗണ്ടറി സഹിതം വെറും 13 റൺസ് മാത്രമാണ് നേടിയതെന്നും നിരാശരായ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. 

ഓപ്പണറായി കോലിക്ക് ഒപ്പമിറങ്ങിയ ഫിൽ സാൾട്ട് ആദ്യ ഓവറിൽ തന്നെ ആക്രമണത്തിന് തുടക്കമിട്ടിരുന്നു. സാൾട്ട് (16) പുറത്തായതിന് പിന്നാലെയെത്തിയ മായങ്ക് അഗര്‍വാളും (24) സമാനമായ രീതിയിലാണ് തുടങ്ങിയത്. എന്നാൽ, ഒരറ്റത്ത് സിംഗിളുകളും ഡബിളുകളും മാത്രമായിരുന്നു കോലിയുടെ സമ്പാദ്യം. ടീം മാനേജ്മെന്റ് ആര്‍സിബി ഇന്നിംഗ്സിന്റെ ഉത്തരവാദിത്തം കോലിയ്ക്ക് നൽകിയിരിക്കാമെന്നാണ് ഒരു വിഭാഗം പറയുന്നത്. 

പഞ്ചാബ് ബൗളര്‍മാര്‍ കോലിയ്ക്ക് നേരെ നിരന്തരമായി ഷോര്‍ട്ട് ബോളുകളും സ്ലോ ബോളുകളുമാണ് പരീക്ഷിച്ചത്. ഒടുവിൽ അസ്മത്തുള്ള ഒമര്‍സായിയുടെ ഷോര്‍ട്ട് ബോളിൽ കോലി പുറത്താകുകയും ചെയ്തു. 3 ബൗണ്ടറികൾ മാത്രമായിരുന്നു കോലിയുടെ സമ്പാദ്യം. 35 പന്തുകൾ നേരിട്ടിട്ടും കോലിയുടെ സ്ട്രൈക്ക് റേറ്റ് 123 ആയി കുറഞ്ഞതാണ് ആരാധകരെ ചൊടിപ്പിച്ചത്. കോലിയുടെ മെല്ലെപ്പോക്ക് അവിശ്വസനീയമാണെന്ന് മുൻ ഇന്ത്യൻ താരം ഇര്‍ഫാൻ പഠാനും പ്രതികരിച്ചു.