ഏകദിന ലോകകപ്പിന് മുമ്പ് പലതും ഓർമ്മിപ്പിക്കുകയാണ് ഓസീസ് ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ്
സിഡ്‍നി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ മാച്ച് വിന്നർമാരില്‍ ഒരാളാണ് വിരാട് കോലി. വമ്പന്‍ മത്സരങ്ങളിലെന്നും ടീമിന്‍റെ പ്രതീക്ഷ കാത്തുസൂക്ഷിക്കുന്ന താരം. എതിരാളികള്‍ കരുത്തരാകുമ്പോള്‍ താനും കൂടുതല്‍ കരുത്താർജിക്കുമെന്ന് കോലി എത്രയോ വട്ടം തെളിയിച്ചുകഴിഞ്ഞു. കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ പുറത്തെടുത്ത പ്രകടനം തന്നെ ഒരു ഉദാഹരണം. ചേസിംഗിലേക്ക് വരുമ്പോഴും കോലിയുടെ മനസിനും കൈകള്‍ക്കും കരുത്ത് കൂടുമെന്നതാണ് കഴിഞ്ഞ കാലം ചരിത്രം. ഏകദിന ലോകകപ്പിന് മുമ്പ് ഇത് ഓർമ്മിപ്പിക്കുകയാണ് ഓസീസ് ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ്.
ലോകകപ്പില്‍ ഓസ്ട്രേലിയന്‍ ടീമിന്‍റെ എല്ലാ ഭയവും മാർക്കസ് സ്റ്റോയിനിസിന്‍റെ വാക്കുകളില്‍ വ്യക്തം. 'വലിയ ടൂർണമെന്‍റുകളില്‍ കോലി സമയോചിതമായി ഉയരും. വലിയ മത്സരങ്ങളില്‍ കോലിക്ക് കരുത്ത് കൂടുതലാണ്. ക്രീസില്‍ കാലുറപ്പിച്ച് കഴിഞ്ഞാല്‍ കോലിയെ തടയുക പ്രയാസമാണ്. വലിയ പോരാട്ടങ്ങളില്‍ മികവ് കാട്ടുന്നതാണ് മറ്റെല്ലാവരില്‍ നിന്നും കോലിയുടെ ഏറ്റവും വലിയ സവിശേഷത. കളിക്കുന്ന എല്ലാ മത്സരങ്ങളിലും കോലി തന്‍റെ ഊർജം കാണിക്കും' എന്നുമാണ് മാർക്കസ് സ്റ്റോയിനിസിന്‍റെ വാക്കുകള്‍.
സമകാലിക ക്രിക്കറ്റിലെ ബാറ്റിംഗ് ഇതിഹാസമായ വിരാട് കോലി മൂന്ന് ഫോർമാറ്റിലും ഒരുപോലെ തിളങ്ങുന്ന താരമാണ്. രാജ്യാന്തര ക്രിക്കറ്റില്‍ 76 സെഞ്ചുറികള്‍ കോലി ഇതിനകം നേടിക്കഴിഞ്ഞു. 111 ടെസ്റ്റില്‍ 8676 ഉം 275 ഏകദിനങ്ങളില്‍ 12989 ഉം 115 ട്വന്‍റി 20കളില്‍ 4008 റണ്‍സുമാണ് കോലിയുടെ സമ്പാദ്യം. ഇതിന് പുറമെ ഐപിഎല്ലില്‍ 237 മത്സരങ്ങളില്‍ 7263 റണ്‍സും കിംഗിനുണ്ട്. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും ഏകദിന ക്രിക്കറ്റ് ലോകകപ്പിലും ടീം ഇന്ത്യയുടെ വലിയ പ്രതീക്ഷയാണ് കോലി. വിരാട് റണ്ണൊഴുക്കിയാല്‍ ലോകകപ്പില്‍ ടീം ഇന്ത്യയുടെ ആത്മവിശ്വാസം ഉയരും.
Read more: കോലി മാറി നില്‍ക്കണം; വിവിയന്‍ റിച്ചാർഡ്സിന്‍റെ വമ്പന്‍ കയ്യടി രോഹിത് ശർമ്മ ഇങ്ങ് എടുക്കുവാ
