ഇന്ത്യന്‍ ബാറ്റിംഗ് വിസ്മയം വിരാട് കോലിയേക്കാള്‍ പ്രതിഭാസമ്പന്നനായ താരമാണ് ഹിറ്റ്മാന്‍ എന്ന വിലയിരുത്തലുകള്‍ മുമ്പുമുണ്ടായിട്ടുണ്ട്

ഗയാന: ഏഷ്യാ കപ്പിനും ഏകദിന ലോകകപ്പിനും മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമ്മയ്ക്ക് വമ്പന്‍ പ്രശംസയുമായി വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാർഡ്‍സ്. 'രോഹിത് ശർമ്മ ഗംഭീര താരമാണ്. ഞാന്‍ അദേഹത്തെ ഏറെ ഇഷ്ടപ്പെടുന്നു. ഏറെ കഴിവുള്ള താരമാണ്. ക്രീസിലേക്ക് ഇറങ്ങി സ്വതസിദ്ധമായ കഴിവുകള്‍ പ്രകടിപ്പിക്കുന്ന താരങ്ങളെ എനിക്ക് ഇഷ്ടമാണ്' എന്നും റിച്ചാർഡ്സ് മാധ്യമപ്രവർത്തകനായ വിമല്‍ കുമാറിനോട് യൂട്യൂബ് വീഡിയോയില്‍ പറഞ്ഞു. 

ഇന്ത്യന്‍ ബാറ്റിംഗ് വിസ്മയം വിരാട് കോലിയേക്കാള്‍ പ്രതിഭാസമ്പന്നനായ താരമാണ് ഹിറ്റ്മാന്‍ എന്ന വിലയിരുത്തലുകള്‍ മുമ്പുമുണ്ടായിട്ടുണ്ട്. ഏകദിന ഫോർമാറ്റില്‍ 10000 റണ്‍സ് ക്ലബില്‍ അംഗത്വം ഏഷ്യാ കപ്പിലൂടെ സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ് രോഹിത്. 244 മത്സരങ്ങളില്‍ 30 സെഞ്ചുറികളോടെ 9837 റണ്‍സാണ് നിലവില്‍ രോഹിത്തിനുള്ളത്. മൂന്ന് ഇരട്ട സെഞ്ചുറികള്‍ ഉള്‍പ്പടെയാണിത്. ടെസ്റ്റില്‍ 52 മത്സരങ്ങളില്‍ 3677 ഉം രാജ്യാന്തര ട്വന്‍റി 20കളില്‍ 148 മത്സരങ്ങളില്‍ 3853 ഉം റണ്‍സാണ് മറ്റ് ഫോർമാറ്റുകളില്‍ രോഹിത് ഇതുവരെ നേടിയത്. ഏഷ്യാ കപ്പിന് പിന്നാലെ നടക്കുന്ന ഏകദിന ലോകകപ്പിലും റണ്ണൊഴുക്കാം എന്ന് ഇന്ത്യന്‍ നായകന്‍ കരുതുന്നു. 2019ല്‍ നടന്ന അവസാന ലോകകപ്പില്‍ 9 ഇന്നിംഗ്സുകളില്‍ 5 സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും സഹിതം ഹിറ്റ്മാന്‍ 648 റണ്‍സുമായി ടോപ് സ്കോററായിരുന്നു. 81 ആയിരുന്നു അത്തവണ രോഹിത്തിന്‍റെ ബാറ്റിംഗ് ശരാശരി.

ഏഷ്യാ കപ്പിന് മുമ്പ് ബെംഗളൂരുവിലെ ടീം ക്യാംപിലാണ് രോഹിത് ശർമ്മ. വിരാട് കോലി, ഹാർദിക് പാണ്ഡ്യയടക്കമുള്ള താരങ്ങള്‍ ഹിറ്റ്‍മാനൊപ്പം ബെംഗളൂരുവിലുണ്ട്. അയർലന്‍ഡ് പര്യടനം പൂർത്തിയാക്കിയ പേസർ ജസ്പ്രീത് ബുമ്രയുള്‍പ്പടെയുള്ളവർ ഇന്ന് ടീം ക്യംപില്‍ ചേരും. ബാക്ക്-അപ് താരമായ സഞ്ജു സാംസണും ക്യാംപില്‍ എത്തണം. ആറ് ദിവസത്തെ ക്യാംപ് പൂർത്തിയായ ശേഷമാകും താരങ്ങള്‍ ലങ്കയിലേക്ക് ഏഷ്യാ കപ്പിനായി പോവുക. ബൗളിംഗ് കരുത്തരായ പാകിസ്ഥാന്‍ തന്നെയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ഭീഷണി. 

Read more: ചഹലിന് തിരിച്ചുവരാം, സഞ്ജു സാംസണ് നിരാശ വാർത്ത; നിർണായക വെളിപ്പെടുത്തലുമായി ഗാംഗുലി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം