അഞ്ചുവർഷത്തിനിടെ നാലാം തവണയും പ്ലേ ഓഫിൽ പുറത്ത്. 15 കളിയിൽ 741 റൺസുമായി വിരാട് കോലി ബാറ്റുകൊണ്ട് പടനയിച്ചെങ്കിലും മിക്കപ്പോഴും ഒപ്പം നിൽക്കാൻ സഹതാരങ്ങൾക്കായില്ല

അഹമ്മദാബാദ്: ഐപിഎല്‍ കിരീടമെന്ന സ്വപ്നം ബാക്കിവെച്ച് പതിനേഴാം ഐപിഎൽ സീസണിലും ആർസിബി മടങ്ങുകയാണ്. വിരാട് കോലിയുടെ ഒറ്റയാൾ പോരാട്ടത്തിനും അവസാന മത്സരങ്ങളില്‍ നടത്തിയ അപരാജിത കുതിപ്പിനും ആര്‍സിബിയെ കിരീടത്തിൽ എത്തിക്കാനായില്ല.

വിരാട് കോലി ഒഴികെയുള്ള ബാറ്റർമാരുടെ മോശം പ്രകടനവും മുൻകാലങ്ങളിലെപ്പോലെ മുനയൊടിഞ്ഞ ബൗളിംഗ് നിരയും ബെംഗളൂരുവിന്‍റെ വഴികളടച്ചു. ആദ്യ എട്ട് കളിയിൽ ഏഴിലും തോൽവി. പ്ലേ ഓഫിലെത്താതെ പുറത്താവുന്ന ആദ്യ ടീം ആ‍ർസിബി ആയിരിക്കുമെന്നാണ് എല്ലാവരും കരുതിയിടത്തുനിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ് പ്ലേ ഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ആരാധകര്‍ക്ക് വാനോളം പ്രതീക്ഷകള്‍ നല്‍കി. ചെന്നൈക്കെതിരായ അവസാന ലീഗ് മത്സരം ജയിച്ചത് കിരീടനേട്ടം പോലെ ആഘോഷിച്ച ആര്‍സിബിക്ക് പക്ഷെ അഹമ്മദാബാദിൽ സഞ്ജുവിനും സംഘത്തിനും മുന്നില്‍ നോക്കൗട്ടിന്‍റെ സമ്മർദം അതിജീവിക്കാനായില്ല.

ക്രീസില്‍ കയറാതെ ജയ്സ്വാളിനോട് ദേഷ്യപ്പെടാനായി തിരിഞ്ഞ് സഞ്ജു, റണ്ണൗട്ടാക്കാന്‍ മറന്ന് ആര്‍സിബി താരം

അഞ്ചുവർഷത്തിനിടെ നാലാം തവണയും പ്ലേ ഓഫിൽ പുറത്ത്. 15 കളിയിൽ 741 റൺസുമായി വിരാട് കോലി ബാറ്റുകൊണ്ട് പടനയിച്ചെങ്കിലും മിക്കപ്പോഴും ഒപ്പം നിൽക്കാൻ സഹതാരങ്ങൾക്കായില്ല. 15 കളികളില്‍ 438 റണ്‍സടിച്ച നായകന്‍ ഫാഫ് ഡൂപ്ലെസിയില്‍ നിന്നും 15 കളികളില്‍ 338 റണ്‍സടിച്ച രജത് പാടീദാറില്‍ നിന്നും മാത്രമാണ് കോലിക്ക് ചെറിയ പിന്തുണയെങ്കിലും ലഭിച്ചത്. അവസാന സീസണ്‍ അവിസ്മരണീയമാക്കാന്‍ ദിനേശ് കാര്‍ത്തിക് പരമാവധി ശ്രമിച്ചെങ്കിലും ഗ്ലെന്‍ മാക്സ്‌വെല്ലും കാമറൂണ്‍ ഗ്രീനും നിരാശപ്പെടുത്തി. ഗ്രീന്‍ 13 കളികളില്‍ 255 റണ്‍സെടുത്തപ്പോള്‍ 10 മത്സരങ്ങളില്‍ 52 റണ്‍സ് മാത്രമെടുത്ത ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ പ്രകടനമാണ് ആര്‍സിബി ആരാധകരെ ശരിക്കും തളര്‍ത്തിയത്.

Scroll to load tweet…

ബൗളിംഗില്‍ 14 കളികളില്‍ 15 വിക്കറ്റെടുത്ത യഷ് ദയാലിന്‍റെ തിരിച്ചുവരവ് മാറ്റിനിർത്തിയാൽ 14 കളികളില്‍ 14 വിക്കറ്റെടുത്ത മുഹമ്മദ് സിറാജും ഏഴ് കളികളില്‍ ഒമ്പത് വിക്കറ്റെടുത്ത ലോക്കി ഫെര്‍ഗൂസനുമൊന്നും പ്രതീക്ഷ കാക്കാനായില്ല. 2009ലും 2011ലും 2016ലും ഫൈനലിൽ കളിച്ചത് മാത്രമാണ് ആശ്വസിക്കാനുള്ളത്. വനിതാ ഐപിഎല്ലില്‍ രണ്ടാം സീസണില്‍ തന്നെ കിരീടം നേടിയ ആര്‍സിബി വനിതകള്‍ക്ക് മുന്നില്‍ തലകുനിച്ച് മടങ്ങാനാണ് ഇത്തവണയും പുരുഷ ടീമിന്‍റെ വിധി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക