ഏഷ്യാ കപ്പിന് മുമ്പ് ടീം ഫിറ്റാണ് എന്ന് തെളിയിക്കുകയാണ് രോഹിത് ശർമ്മയും കൂട്ടരും
ബെംഗളൂരു: ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ കർട്ടന്‍-റൈസർ എന്ന് വിശേഷിപ്പിക്കാവുന്ന ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു ടീം ഇന്ത്യ. ഏഷ്യാ കപ്പിന് മുന്നോടിയായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഇന്ന് മുതല്‍ ടീം ക്യാംപ് നടക്കും. അയർലന്‍ഡ് പര്യടനത്തിനില്ലാതിരുന്ന നായകന്‍ രോഹിത് ശർമ്മ, റണ്‍മെഷീന്‍ വിരാട് കോലി, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തുടങ്ങിയ താരങ്ങള്‍ ദിവസങ്ങള്‍ മുന്നേ തന്നെ എന്‍സിഎയില്‍ എത്തിയിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ നിന്ന് സന്തോഷ വാർത്തയാണ് ഈ താരങ്ങള്‍ പങ്കുവെക്കുന്നത്.
ഏഷ്യാ കപ്പിന് മുമ്പ് ടീം ഫിറ്റാണ് എന്ന് തെളിയിക്കുകയാണ് രോഹിത് ശർമ്മയും കൂട്ടരും. ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ യോയോ ടെസ്റ്റില്‍ രോഹിത് ശർമ്മയും വിരാട് കോലിയും ഹാർദിക് പാണ്ഡ്യയും വിജയിച്ചു. പരിക്ക് മാറിയെത്തുന്ന കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യർ എന്നിവരുടെ ഫിറ്റ്നസ് പരീക്ഷയുടെ വിവരം വ്യക്തമല്ല. പരിക്കിന് ശേഷം മടങ്ങിയെത്തി അയർലന്‍ഡിന് എതിരായ ട്വന്‍റി 20 പരമ്പരയില്‍ തിളങ്ങിയ പേസർമാരായ ജസ്പ്രീത് ബുമ്രയും പ്രസിദ്ധ് കൃഷ്ണയും പ്രതീക്ഷ നിലനിർത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ വലിയ ഫിറ്റ്നസ് പ്രശ്നങ്ങളില്ലാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പിനായി പറക്കും എന്ന് കരുതാം. ഏവരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ യോയോ ടെസ്റ്റിന് വിധേയരായേക്കും.
ടീം ഇന്ത്യയുടെ ഏറ്റവും ഒടുവില്‍ അവസാനിച്ച അയർലന്‍ഡ് പര്യടനത്തില്‍ കളിക്കാതിരുന്ന താരങ്ങളുടെ ഫിറ്റ്നസ് നിലനിർത്താന്‍ വിശ്രമവേളയില്‍ കൃത്യമായ ഭക്ഷണ, പരിശീലന ക്രമീകരണങ്ങള്‍ ബിസിസിഐയുടെ മെഡിക്കല്‍ സംഘം നിർദേശിച്ചിരുന്നു. വിന്‍ഡീസ് പര്യടനം കഴിഞ്ഞെത്തിയ ഈ താരങ്ങളോട് ഓഗസ്റ്റ് 9 മുതല്‍ 22 വരെ 13 ദിവസത്തേക്ക് പ്രത്യേക വർക്കൗട്ടുകള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഏഷ്യാ കപ്പ് ടീം ക്യാംപില്‍ എല്ലാ താരങ്ങളുടേയും ഫിറ്റ്നസ് വിശദമായി പരിശോധിക്കും. ഏഷ്യാ കപ്പിന് പിന്നാലെ ഏകദിന ലോകകപ്പ് വരുന്നതിനാല്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് ഒഴിവാക്കാന്‍ വലിയ ജാഗ്രതയാണ് ബിസിസിഐ സ്വീകരിക്കുന്നത്.
Read more: യോയോ വിരാട് കിംഗ്; ഫിറ്റ്നസ് പരീക്ഷയില്‍ പുപ്പുലിയായി കോലി, സ്കോർ പുറത്ത്
