ഓസ്ട്രേലിയയില്‍ നായകനെന്ന നിലയില്‍ കുംബ്ലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതുപോലെ വിരാട് കോലിയുടെ പിന്‍ഗാമി സ്ഥാനത്തേക്ക് പ്രായോഗികമായി ചിന്തിച്ചാല്‍ ഇന്ത്യക്ക് രണ്ട് സാധ്യതകളുണ്ട്. തല്‍ക്കാലത്തേക്ക് സീനിയര്‍ താരങ്ങളിലൊരാളെ ക്യാപ്റ്റനാക്കുക.

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ നായക സ്ഥാനത്തേക്ക് വിരാട് കോലിയുടെ(Virat Kohli) പിന്‍ഗാമിയെച്ചൊല്ലിയുള്ള ചര്‍ച്ചകളും വാദങ്ങളും ചൂടുപടിക്കുന്നതിനിടെ നായകസ്ഥാനത്തേക്ക് രണ്ട് പേരുകള്‍ നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരവും മുന്‍ ചീഫ് സെലക്ടറുമായിരുന്ന ദിലീപ് വെംഗ്സര്‍ക്കാര്‍(Dilip Vengsarkar). പ്രായോഗികമായി ചിന്തിച്ചാല്‍ ഇന്ത്യക്ക് മുന്നില്‍ ഇപ്പോള്‍ രണ്ട് സാധ്യതകളാണുള്ളതെന്നും വെംഗ്സര്‍ക്കാര്‍ ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രാഹുല്‍ ദ്രാവിഡ് ടെസ്റ്റ് ടീം നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ സമാനമായൊരു പ്രതിസന്ധിയിലൂടെ അന്ന് ചീഫ് സെലക്ടറായിരുന്ന താനും കടന്നുപോയിട്ടുണ്ടെന്നും വെംഗ്സര്‍ക്കാര്‍ വ്യക്തമാക്കി. ദ്രാവിഡ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ ഏകദിന, ടി20 ടീം നായകനായ ധോണിയെ ടെസ്റ്റിലും ക്യാപ്റ്റനാക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഓസ്ട്രേലിയന്‍ പര്യടനം വരാനുള്ളതിനാല്‍ ഞങ്ങള്‍ പരിചയസമ്പന്നനായ അനില്‍ കുംബ്ലെയെ ആണ് നായകനായി തെരഞ്ഞെടുത്തത്.

ഓസ്ട്രേലിയയില്‍ നായകനെന്ന നിലയില്‍ കുംബ്ലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതുപോലെ വിരാട് കോലിയുടെ പിന്‍ഗാമി സ്ഥാനത്തേക്ക് പ്രായോഗികമായി ചിന്തിച്ചാല്‍ ഇന്ത്യക്ക് രണ്ട് സാധ്യതകളുണ്ട്. തല്‍ക്കാലത്തേക്ക് സീനിയര്‍ താരങ്ങളിലൊരാളെ ക്യാപ്റ്റനാക്കുക. രോഹിത് ശര്‍മയെയോ ആര്‍ അശ്വിനെയോ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാവുന്നതാണ്. ഒന്നോ രണ്ടോ വര്‍ഷത്തിനുശേഷം യുവതാരങ്ങളിലൊരാളെ ക്യാപ്റ്റനായി വളര്‍ത്തിയെടുത്തശേഷം ചുമതല ഏല്‍പ്പിക്കുക. അതാണ് ഇപ്പോള്‍ ഇന്ത്യക്ക് മുന്നിലുള്ള പ്രായോഗിക വഴിയെന്നും വെംഗ്സര്‍ക്കാര്‍ പറഞ്ഞു.

ക്യാപ്റ്റനായിരുന്നത് വിരാട് കോലിയുടെ ബാറ്റിംഗിനെ ബാധിച്ചുവെന്ന വാദം തെറ്റാണെന്നും വെംഗ്സര്‍ക്കാര്‍ പറഞ്ഞു. ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുമ്പോള്‍ തന്നെ ബാറ്ററെന്ന നിലയില്‍ അഞ്ച് വര്‍ഷത്തോളം കോലി സ്വപ്നതുല്യമായ പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യന്‍ ആരാധകര്‍ എപ്പോഴും സ്ഥിതിവിവര കണക്കുകളില്‍ കൂടുതല്‍ താല്‍പര്യം കാട്ടുന്നവരാണ്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തെ കോലിയുടെ പ്രകടനത്തെക്കുറിച്ച് അവര്‍ ആശങ്കപ്പെടുന്നത്.

കോലി കഴിഞ്ഞ രണ്ടുവര്‍ഷം സെഞ്ചുറി നേടിയിട്ടില്ലെന്നത് ശരിയാണ്. എന്നാല്‍ കോലിയുടെ ഫോം തീര്‍ത്തും മങ്ങിയെന്ന് കരുതുന്നില്ല. കേപ്ടൗണിലെ ആദ്യ ഇന്നിംഗ്സില്‍ കോലി ഉജ്ജ്വലമായാണ് ബാറ്റ് ചെയ്തത്. അവിടെ നേടിയ ഓരോ റണ്ണും കോലിയുടെ റണ്‍ദാഹം വ്യക്തമാക്കുന്നതായിരുന്നുവെന്നും വെംഗ്സര്‍ക്കാര്‍ പറഞ്ഞു.ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യ നാളെ ഏകദിന പരമ്പരയില്‍ കളിക്കാനിറങ്ങും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.