അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിന്ന് വിരാട് കോലി ഹാംസ്ട്രിങ് പരിക്ക് കാരണം പുറത്തായി. ഐപിഎൽ ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിന് ഈ പരിക്ക് വലിയ തിരിച്ചടിയാണ്. കോലിക്ക് പകരക്കാരനായി മലയാളി താരം സഞ്ജു സാംസണെ ടീമിൽ പരിഗണിക്കാന്‍ സാധ്യതയുണ്ട്.
മുംബൈ: അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വന്‍ തിരിച്ചടി. വെറ്ററന്‍ താരം വിരാട് കോലിയെ ഹാംസ്ട്രിങ് ഇഞ്ചുറിയെ തുടര്‍ന്ന് പരമ്പരയില്‍ നിന്ന് ഒഴിവാക്കി. ജൂണ്‍ 13 മുതല്‍ 20 വരെയാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര. കഴിഞ്ഞ ദിവസം ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തുടര്‍ച്ചയായ രണ്ടാം കിരീടത്തിലേക്ക് നയിക്കുന്നതില്‍ കോലി നിര്‍ണായക പങ്കുവഹിച്ചിരുന്നു.
ഫൈനലില്‍ ഗുജറാത്ത് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്കായി കോലി 42 പന്തില്‍ 75 റണ്‍സോടെ പുറത്താകാതെ നിന്നു. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ ഓടുന്നതിനിടയില്‍ താരം ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചിരുന്നുവെങ്കിലും ടീമിനെ വിജയത്തിലെത്തിച്ച ശേഷമാണ് കളം വിട്ടത്. ഈ ഐപിഎല്‍ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നായി 56.25 ശരാശരിയിലും 165.85 സ്‌ട്രൈക്ക് റേറ്റിലും 675 റണ്‍സാണ് കോലി അടിച്ചുകൂട്ടിയത്. താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യം വരും ദിവസങ്ങളിലേ വ്യക്തമാകൂ.
2027 ഏകദിന ലോകകപ്പ് ടീമില്‍ ഇടംനേടുകയെന്ന ലക്ഷ്യത്തോടെ മികച്ച ഫോമില്‍ മുന്നേറുന്ന കോലിക്ക് ഈ പരിക്ക് വലിയൊരു തിരിച്ചടിയാണ്. 2025ല്‍ 13 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ചുറികളും നാല് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 651 റണ്‍സ് നേടി കോലി ഇന്ത്യയുടെ മുന്‍നിര റണ്‍വേട്ടക്കാരനായിരുന്നു. ഈ ഫോം 2026ലും തുടര്‍ന്ന അദ്ദേഹം, ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം 240 റണ്‍സ് നേടിയിരുന്നു.
ജൂലൈ 14 മുതല്‍ 19 വരെ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലും കോലി കളിക്കുന്ന കാര്യം ഇതോടെ സംശയത്തിലായി. കോലിക്ക് പകരക്കാരനായി ആരെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന കാര്യം ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കാന്‍ സാധ്യത ഏറെയാണ്.
ശക്തമായൊരു ടീമിനെയാണ് അഫ്ഗാനിസ്ഥാന്‍ പരമ്പരയ്ക്കായി ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്. എങ്കിലും, ഐപിഎല്ലിന് ശേഷം ഫിറ്റ്‌നസ് പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ ലഭ്യത കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.
അഫ്ഗാനിസ്ഥാന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ഏകദിന ടീം: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, പ്രിന്‍സ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ.

