ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (South Africa) ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതിന് പിന്നാലെയാണ് കോലി തന്റെ തീരുമാനം അറിയിച്ചത്. നേരത്തെ ടി20 ടീമിന്റെ നായകസ്ഥാനത്ത് നിന്നും കോലി മാറിയിരുന്നു.
ദില്ലി: ഇന്ത്യയുടെ (Team India) എക്കാലത്തേയും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന ലേബലിലാണ് വിരാട് കോലി (Virat Kohli) തല്‍സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (South Africa) ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതിന് പിന്നാലെയാണ് കോലി തന്റെ തീരുമാനം അറിയിച്ചത്. നേരത്തെ ടി20 ടീമിന്റെ നായകസ്ഥാനത്ത് നിന്നും കോലി മാറിയിരുന്നു. പിന്നാലെ ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്നും ബിസിസിഐ (BCCI) 33കാരനെ മാറ്റി.
കോലിക്കെതിരെ ബിസിസിഐ നേരത്തെ പടയൊരുക്കം തുടങ്ങിയിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഒഴിയണമെന്ന് ബിസിസിഐ നേരത്തെ അദ്ദേഹത്തെ അറിയിച്ചിരുന്നു. കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അദ്ദേഹം ടി20 ടീമിന്റെ സ്ഥാനമൊഴിയുന്നത്. പിന്നാലെ രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കി. ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചു.
ഇതിനെ ചൊല്ലി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും കോലിയും തമ്മില്‍ വാക്‌പോര് വരെയുണ്ടായി. തന്നെ മാറ്റുന്നതിന്റെ ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് അറിയിച്ചതെന്ന് കോലി പറഞ്ഞു. നേരത്തെ അറിയിച്ചെന്ന ഗാംഗുലിയുടെ വാദം കള്ളമാണെന്നും കോലി പറഞ്ഞു. എന്നാല്‍ ഗാംഗുലി ഇക്കാര്യത്തില്‍ മറുപടിയൊന്നും പറഞ്ഞില്ല.

പടിപടിയായിട്ടാണ് കോലിയെ അധികാര സ്ഥാനങ്ങളില്‍ നിന്ന് മാറ്റുന്നത്.
2021 സെപ്റ്റംബര്‍ 16 : ടി20 ലോകകപ്പിന് ശേഷം ടീമിന്റെ നായകസ്ഥാനം ഒഴിയുമെന്ന് കോലി അറിയിച്ചു. ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുമെന്നും കോലി.
2021 ഡിസംബര്‍ 8 : രോഹിത് ശര്‍മയെ ഇന്ത്യയുടെ ഏകദിന ടീമിന്റെ നായകനായ ബിസിസിഐ നിശ്ചയിച്ചു. തന്നെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുന്നതിന്റെ ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് അറിയിച്ചതെന്ന് കോലിയുടെ വാദം.
2022 ജനുവരി 15 : കോലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്നൊഴിഞ്ഞു.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ക്യാപ്റ്റനെന്ന ഖ്യാതിയോടെയാണ് കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്. 58.82-ാണ് ടെസ്റ്റില്‍ കോലിയുടെ വിജയ ശതമാനം. മൊത്തത്തില്‍ 68 ടെസ്റ്റുകളില്‍ കോലി ഇന്ത്യയെ നയിച്ചു. 40 മത്സങ്ങള്‍ ജയിച്ചു. ധോണി നയിച്ച 60 ടെസ്റ്റുകളില്‍ 27 മാത്രമാണ് ജയിച്ചത്. ഗാംഗുലി 49 ടെസ്റ്റുകളില്‍ ജയിച്ചപ്പോള്‍ 21 മത്സരം ജയിച്ചു. ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ചതും കോലിയാണ്.

ഏത് സാഹചര്യത്തിലും 20 വിക്കറ്റുകള്‍ വീഴ്ത്താന്‍ പോന്ന ബൗളിംഗ് നിര ഇന്ത്യക്കുണ്ടായത് കോലിയുടെ കീഴിലാണ്. ക്യാപ്റ്റനായിരിക്കുമ്പോള്‍ കോലി മികച്ച പ്രകടനവും പുറത്തെടുത്തു. ഏഴ് ഇരട്ട സെഞ്ചുറികളാണ് ഇക്കാലയളവില്‍ പിറന്നത്. ക്യാപ്റ്റനായിരിക്കെ ഏറ്റവും കൂടുതല്‍ സെഞ്ചുറി (20) നേടിയ ഇന്ത്യന്‍ താരവും കോലി തന്നെ. കോലിക്ക് കീഴില്‍ തുടര്‍ച്ചയായി 42 മാസം ഇന്ത്യന്‍ ടീം ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.
