അനാവശ്യമായി റിസ്കെടുത്ത് പുറത്താവുന്ന കോലിയുടെ രീതി ഇപ്പോള്‍ ശരിക്കും ആശങ്കയുണര്‍ത്തുന്നതാണ്. മുമ്പ് കോലി ഇങ്ങനെയായിരുന്നില്ല. ഇന്നലെ സിക്സിനായി ശ്രമിക്കേണ്ട യാതൊരു സാഹചര്യവും ഇല്ലായിരുന്നു.

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ(IND vs WI) നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും നിരാശപ്പെടുത്തിയ വിരാട് കോലിയുടെ(Virat Kohli) പ്രകടനം ആശങ്കപ്പെടുത്തുന്നതാണെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര(Aakash Chopra). വിന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ 13 പന്തില്‍ 17 റണ്‍സെടുത്ത കോലി ഫാബിയന്‍ അലനെതിരെ സിക്സടിക്കാനുള്ള ശ്രമത്തിലാണ് പറത്തായത്.

കരിയറില്‍ മുമ്പ് ഒരിക്കലും ഇത്തരത്തില്‍ അനാവശ്യ ഷോട്ടുകള്‍ കളിക്കാന്‍ കോലി മുതിര്‍ന്നിട്ടില്ലെന്ന് ആകാശ് ചോപ്ര തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. അനാവശ്യമായി റിസ്കെടുത്ത് പുറത്താവുന്ന കോലിയുടെ രീതി ഇപ്പോള്‍ ശരിക്കും ആശങ്കയുണര്‍ത്തുന്നതാണ്. മുമ്പ് കോലി ഇങ്ങനെയായിരുന്നില്ല. ഇന്നലെ സിക്സിനായി ശ്രമിക്കേണ്ട യാതൊരു സാഹചര്യവും ഇല്ലായിരുന്നു. മുമ്പത്തെ കോലിയായിരുന്നെങ്കില്‍ ഒരുപക്ഷെ ആ ഘട്ടത്തില്‍ അത്തരമൊരു ഷോട്ട് കളിക്കില്ലായിരുന്നു. പുറത്തായശേഷം ഡഗ് ഔട്ടിലെത്തിയിട്ടും കോലി അസ്വസ്ഥനായിരുന്നു.

കോലി മുമ്പൊരിക്കലും ഇത്തരത്തില്‍ കളിക്കുന്നത് കണ്ടിട്ടില്ല. റിസ്ക് ഒഴിവാക്കിയുള്ള കളിയായിരുന്നു കോലിയുടെ പ്രത്യേകത തന്നെ. ആ അച്ചടക്കമായിരുന്നു കോലിയെ ലോകത്തിലെ ഒന്നാം നമ്പര്‍ ബാറ്ററാക്കിയത്. എന്നാല്‍ ആ അച്ചടക്കം ഇപ്പോള്‍ കോലിക്ക് കൈമോശം വന്നുവെന്നത് ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. ഇന്നലെ കോലി ആ സിക്സിന് ശ്രമിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ലായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലും കോലി അനാവശ്യ ഷോട്ട് കളിച്ചാണ് പുറത്തായത്. ആ പുറത്താകലിനുശേഷം കോലിയുടെ ഫോം മൂക്കുകുത്തി. പിന്നീട് നടന്ന മൂന്ന് കളികളില്‍ 26 രണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്.

Also Read: രോഹന് സെഞ്ചുറി, കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്; അജിന്‍ക്യ രഹാനെയും മൂന്നക്കം കണ്ടു

റണ്ണടിക്കുന്നില്ല എന്നത് മാത്രമല്ല, കോലി പുറത്താവുന്ന രീതിയും ആശങ്കപ്പെടുത്തുന്നതാണ്. കോലിയുടെ പ്രകടനങ്ങളെക്കുറിച്ച് ഇപ്പോള്‍ അധികം ചര്‍ച്ചയൊന്നുമില്ല. അത് അത്ര നല്ല കാര്യമല്ല. കോലിയുടെ പ്രകടനം പോകട്ടെ, കോലിയെക്കുറിച്ചുപോലും ആരും ചര്‍ച്ച ചെയ്യുന്നില്ല. അത് ശരിക്കും എന്നെ വേദനിപ്പിക്കുന്നു. കോലിയെയും അത് വേദനിപ്പിക്കുന്നുണ്ടാവും-ആകാശ് ചോപ്ര പറഞ്ഞു.

കോലിയുടെ ഫോമിനെക്കുറിച്ച് ആശങ്കയില്ലെന്ന് പരമ്പരക്ക് മുമ്പ് നായകന്‍ രോഹിത് ശര്‍മ പറഞ്ഞിരുന്നു. ഇതിന് തൊട്ടു മുമ്പ് നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ കോലി രണ്ട് അര്‍ധസെഞ്ചുറി നേടിയ കാര്യം മറക്കരുതെന്നും രോഹിത് ഓര്‍മിപ്പിച്ചിരുന്നു.