ട്രിനിഡാഡ്: വെസ്റ്റ് ഇന്‍‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ആധികാരിക ജയം സമ്മാനിച്ചത് ക്യാപ്റ്റന്‍ വിരാട് കോലിയുടെ സെഞ്ചുറിയായിരുന്നു. ഏകദിനത്തില്‍ കോലിയുടെ 42-ാം സെഞ്ചുറിയാണിത്. ഏകദിന ക്രിക്കറ്റിലെ‍ സെഞ്ചുറികളുടെ എണ്ണത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(49) മാത്രമാണ് ഇനി കോലിയുടെ മുന്നിലുള്ളത്.

ഏകദിന ക്രിക്കറ്റിലെ റണ്‍ നേട്ടത്തിലും കോലി ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമനായിരുന്നു. സൗരവ് ഗാംഗുലിയെ ആണ് കോലി(11,406) ഇന്നലെ മറികടന്നത്. സച്ചിന്‍(18,426) മാത്രമാണ് റണ്‍ നേട്ടത്തിലും ഇനി കോലിക്ക് മുന്നിലുളളത്. ലോകകപ്പില്‍ ഒറ്റ സെഞ്ചുറി പോലും നേടാതിരുന്ന കോലി 11 ഇന്നിംഗ്സുകള്‍ക്ക് ശേഷമാണ് ഏകദിനത്തില്‍ ഇന്നലെ വിന്‍ഡീസിനെതിരെ സെഞ്ചുറിയിലെത്തിയത്.

നിലവിലെ ഫോം തുടര്‍ന്നാല്‍ ഏകദിനത്തില്‍ സച്ചിന്റെ 49 സെഞ്ചുറികള്‍ മറികടക്കാന്‍ കോലിക്ക് ഏതാനും വര്‍ഷങ്ങള്‍ കൂടി മതിയാവും. അതെന്തായാലും കരിയര്‍ പൂര്‍ത്തിവുമ്പോഴേക്കും കോലി ഏകദിന ക്രിക്കറ്റില്‍ 75-80 സെഞ്ചുറികള്‍ സ്വന്തമാക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ കൂടിയായ വസീം ജാഫര്‍. ഇന്നലെ വിന്‍ഡീസിനെതിരെ കോലി സെഞ്ചുറി നേടിയശേഷമായിരുന്നു ജാഫറിന്റെ ട്വീറ്റ്.