വിശാഖപട്ടണം: ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുമ്രയും ബാറ്റ്സ്‌മാന്‍ പൃഥ്വി ഷായും ഇന്ത്യന്‍ നെറ്റ്സില്‍ പരിശീലനം നടത്തി. വിശാഖപട്ടണത്തെ ഏകദിനത്തിന് തലേന്നുള്ള പരിശീലനത്തിലാണ് ഇരുവരും പങ്കെടുത്തത്. ബുമ്ര ബോള്‍ ചെയ്‌തെങ്കിലും പൃഥ്വി, ആര്‍ ശ്രീധറിനൊപ്പം ഫീല്‍ഡിംഗ് പരിശീലനത്തിൽ മാത്രമാണ് പങ്കെടുത്തത്.

മടങ്ങിവരവിന് തയ്യാറെടുത്ത് ബുമ്ര

പരിക്കുമൂലം ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനും എതിരായ പരമ്പരകള്‍ ജസ്‌പ്രീത് ബുമ്രക്ക് നഷ്ടമായിരുന്നു. ദേശീയ ടീമിലേക്ക് മടങ്ങിയെത്തും മുന്‍പ് പരിശീലനത്തില്‍ പങ്കെടുക്കുന്ന കീഴ്‌വഴക്കത്തിന്‍റെ ഭാഗമായാണ് ബുമ്ര നെറ്റ്‌സിലെത്തിയത്. ബെംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത ശേഷമാണ് ബുമ്ര ഇന്ത്യന്‍ ക്യാമ്പിലെത്തിയത്. 

വിശാഖപട്ടണത്ത് ഋഷഭ് പന്ത്, മനീഷ് പാണ്ഡെ, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്കെതിരെ ഒരു മണിക്കൂറോളം ബുമ്ര പന്തെറിഞ്ഞു. ഇന്ത്യന്‍ ജഴ്‌സിയിലാണ് ബുമ്ര പരിശീലനത്തിന് ഇറങ്ങിയത്. അടുത്ത വര്‍ഷം നടക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തിൽ ബുമ്രയെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. വിരാട് കോലിയും രോഹിത് ശര്‍മ്മയും പരിശീലനത്തിന് എത്തിയിരുന്നില്ല. 

അന്താരാഷ്‌ട്ര ക്രിക്കറ്റിലും തിരിച്ചുവരവ് ആഘോഷമാക്കാന്‍ പൃഥ്വി ഷാ

ഉത്തേജകമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് എട്ട് മാസത്തെ വിലക്കിന് ശേഷമുള്ള അന്താരാഷ്‌ട്ര മടങ്ങിവരവിനാണ് പൃഥ്വി തയ്യാറെടുക്കുന്നത്. അഭ്യന്തര ക്രിക്കറ്റില്‍ മടങ്ങിയെത്തിയ താരം മിന്നും ഫോമിലാണ്. മുഷ്‌താഖ് അലി ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍ മൂന്ന് അര്‍ധ സെഞ്ചുറി നേടിയ താരം രഞ്ജി ട്രോഫിയില്‍ കഴിഞ്ഞ വാരം ബഡേറക്കെതിരെ ഇരട്ട സെഞ്ചുറി നേടിയിരുന്നു. എ ടീമിനൊപ്പം പരീക്ഷിച്ച ശേഷമായിരിക്കും സീനിയര്‍ ടീമിലേക്ക് ഷായെ തിരിച്ചുവിളിക്കുക എന്നാണ് സൂചന. 

ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഓപ്പണറായി സെഞ്ചുറി നേടി വരവറിയിച്ച താരമാണ് പൃഥ്വി ഷാ. രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ചുറിയും നേടി. എന്നാല്‍ ഓസ്‌ട്രേലിയ ഇലവനെതിരായ പരിശീലന മത്സരത്തില്‍ പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായ താരം പിന്നാലെ ഉത്തേകമരുന്ന് പരിശോധനയില്‍ പിടിക്കപ്പെടുകയായിരുന്നു.