മുംബൈ: ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ വിവോ പിന്‍മാറിയതിനെ സ്വാഗതം ചെയ്ത് ഇന്ത്യന്‍ വ്യാപാരസമൂഹം. വിവോയുടെ പിന്‍മാറ്റത്തെ സ്വാഗതം ചെയ്യുന്നതായി വ്യാപാരികളുടെ കോണ്‍ഫഡറേഷനായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി പ്രവീണ്‍ ഖണ്ഡേവാള്‍ വ്യക്തമാക്കി. ചൈനീസ് നിര്‍മാതാക്കള്‍ക്കെതിരെ ഇന്ത്യന്‍ വ്യാപാരികള്‍ ചെലുത്തിയ സമ്മര്‍ദ്ദത്തിന്റ ഫലമാണ് വിവോയുടെ പിന്‍മാറ്റമെന്നും അദ്ദേഹം പറഞ്ഞു.

ഐപിഎല്‍ ഭരണസിമിതിയോഗം വിവോയുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കാന്‍ തീരുമാനിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിവോ സ്വയം പിന്‍മാറാന്‍ തീരുമാനിച്ചതിനെ സ്വാഗതം ചെയ്യുന്നു. ചൈനീസ് കമ്പനികളുമായുള്ള സ്പോണ്‍സര്‍ഷിപ്പുകള്‍ ബിസിസിഐ പുന:പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖണ്ഡേവാള്‍ പ്രതികരിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈവര്‍ഷത്തെ ഐപിഎല്‍ റദ്ദാക്കുകയോ മാറ്റി വെക്കുകയോ വേണമെന്നും ഖണ്ഡേവാള്‍ ആവശ്യപ്പെട്ടു. ഐപിഎല്ലിനെക്കാള്‍ വലിയ ടൂര്‍ണമെന്റുകളായ ഒളിംപിക്സും വിംബിള്‍ഡണുമെല്ലാം മാറ്റിവെച്ച സാഹചര്യത്തില്‍ ഐപിഎല്ലും മാറ്റിവെക്കണമെന്നും ഖണ്ഡേവാള്‍ പറഞ്ഞു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കണിക്കണമെന്ന ആഹ്വാനം ചെയ്ത് കഴിഞ്ഞ മാസം 10 മുതല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് പ്രചാരണം നടത്തിയിരുന്നു. ഇതിന് സമൂഹത്തില്‍ നിന്ന് വലിയ പിന്തുണയും ലഭിച്ചിരുന്നു.

അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഐപിഎല്‍ ടൈറ്റില്‍ സ്പോര്‍ണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറുകയാണെന്നാണ് ചൈനീസ് മൊബൈല്‍ നിര്‍മാണ കമ്പനിയായ വിവോ അറിയിച്ചത്. 2022വരേക്ക് ബിസിസിഐയുമായി വിവോയ്ക്ക് ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് കരാറുണ്ട്.

ഈ വര്‍ഷം മാറി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ വിവോയുമായുള്ള കരാര്‍ 2023വരെ ദീര്‍ഘിപ്പിക്കും. 2199 കോടി രൂപക്കാണ് അഞ്ച് വര്‍ഷത്തെ ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പിപ്പ് കരാര്‍ വിവോ 2017ല്‍ സ്വന്തമാക്കിയത്. കരാര്‍ അനുസരിച്ച് വിവോ ബിസിസിഐക്ക് പ്രതിവര്‍ഷം 440 കോടി രൂപയാണ് നല്‍കുന്നത്.

അതേസമയം, ചൈനീസ് നിക്ഷേപമുള്ള കമ്പനികളായ പേ ടിഎം, സ്വിഗ്ഗി, ഡ്രീം 11 എന്നിവയുമായി ഐപിഎല്ലിന് സ്പോണ്‍സര്‍ഷിപ്പ് കരാറുകളുണ്ട്. ഇതിനുപുറമെ പല ടീമുകള്‍ക്കും ചൈനീസ് കമ്പനികളുടെ സ്പോണ്‍സര്‍ഷിപ്പ് കരാറുകളുണ്ട്. ഇവയുടെ കാര്യത്തില്‍ എന്ത് നിലപാടെടുക്കുമെന്ന് വ്യക്തതയില്ല.