2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വ്യക്തിഗതയിനത്തില്‍ സ്വര്‍ണത്തിനുടമയാണ് ഹ്യെക്. മാത്രമല്ല, ഇത്തവണ ടീം ഇനത്തില്‍ സ്വര്‍ണം നേടിയ കൊറിയന്‍ ടീമിലും അംഗമായിരുന്നു. 

ടോക്യോ: പുരുഷ അമ്പെയ്ത്തില്‍ വ്യക്തിഗത ഇനത്തില്‍ ദക്ഷിണ കൊറിയയുടെ ഓ ജിന്‍-ഹ്യെകിനെ അട്ടിമറിച്ച അതാനു ദാസിന് അഭിനന്ദനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍. ട്വിറ്ററിലാണ് ലക്ഷ്മണ്‍ അഭിനന്ദന കുറിപ്പ് പങ്കുവച്ചത്. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വ്യക്തിഗതയിനത്തില്‍ സ്വര്‍ണത്തിനുടമയാണ് ഹ്യെക്. മാത്രമല്ല, ഇത്തവണ ടീം ഇനത്തില്‍ സ്വര്‍ണം നേടിയ കൊറിയന്‍ ടീമിലും അംഗമായിരുന്നു.

അതാനുവിന് മുന്നില്‍ 5-6നാണ് കൊറിയന്‍ താരത്തെ കീഴടക്കിയത്. ഇതോടെ അതാനു പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 26-25, 27-27, 27-27, 22-27, 28-28, 9-10 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം. പിന്നാലെയാണ് ലക്ഷ്മണ്‍ അഭിനന്ദനവുമായി എത്തിയത്. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ... ''രണ്ട് ഒളിംപിക് മെഡല്‍ നേടിയിട്ടുള്ള ഹ്യെക്കിനെതിരെ അതാനുവിന്റെ ജയം അഭിനന്ദനമര്‍ഹിക്കുന്നതാണ്. അവിശ്വസനീമായ പ്രകടമാണ് അതാനു പുറത്തെടുത്തത്. വരുന്ന മത്സരങ്ങളിലും അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയട്ടെ.'' ലക്ഷ്മണ്‍ കുറിച്ചിട്ടു.

Scroll to load tweet…

അമ്പെയ്ത്ത് വ്യക്തിഗതയിനത്തില്‍ കൊറിയന്‍ താരം മൂന്നാം സീഡായിരുന്നു. അതാനും 35-ാം സീഡും. ടീം ഇനത്തിലെ മോശം പ്രകടനത്തിന് ശേഷമാണ് അതാനു വ്യക്തിഗത മത്സരങ്ങള്‍ക്കിറങ്ങിയത്. ശനിയാഴ്ച നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ അതാനു ജപ്പാന്റെ 46-ാം സീഡ് തകഹാരു ഫുറുകാവയെ നേരിടും. 

വനിതാ വിഭാഗത്തില്‍ ദീപിക കുമാരിയും അടുത്ത റൗണ്ടിലേക്ക് മുന്നേറിയിരുന്നു. ഇന്ത്യയുടെ മറ്റൊരു താരം പ്രവീണ്‍ ജാദവ് അമേരിക്കയുടെ ബ്രാഡി എല്ലിസണിനോട് തോറ്റ് പുറത്തായി. നാളെ നടക്കുന്ന വനിതകളുടെ പ്രീ ക്വാര്‍ട്ടറില്‍ ദീപിക കുമാരി റഷ്യന്‍ ഒളിംപിക് കമ്മിറ്റിയുടെ സെനിയ പെറോവയെ നേരിടും.